വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
ജില്ലയിൽ സപ്ലൈകോ ഓണച്ചന്തകളിൽ 9.30 കോടിയുടെ വിറ്റുവരവ്

ജില്ലയിൽ ഉത്രാടദിനം വരെ സപ്ലൈകോ നടത്തിയ ഓണച്ചന്തകളിൽ വമ്പിച്ച വിറ്റുവരവ്. ജില്ലാ ഫെയറുകളിലും മണ്ഡലം ഫയറുകളിലും ഔട്ട് ലെറ്റുകളിലും കൂടി സെപ്റ്റംബർ ഒന്നു മുതൽ 14 വരെ 929,95,800 രൂപയുടെ വിറ്റുവരവാണ് സപ്ലൈകോക്ക് ജില്ലയിൽ ഉണ്ടായത്.
സപ്ലൈകോ കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ഒരുക്കിയ ജില്ലാ ഫെയറിൽ മാത്രം 39,35,090 രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. ജില്ലാ ഫെയറുകളിൽ സംസ്ഥാനത്ത് തന്നെ നാലാം സ്ഥാനം വിറ്റുവരവിൽ നേടാൻ കണ്ണൂരിനായി. സപ്ലൈകോ കണ്ണൂർ ഡിപ്പോയ്ക്ക് കീഴിൽ അഴീക്കോട് മണ്ഡലം ഓണം ഫെയറിൽ 6,09,479 രൂപയുടെ വിറ്റുവരവും ധർമ്മടം മണ്ഡലം ഓണം ഫെയറിൽ 12,27,551 രൂപ, കല്ല്യാശ്ശേരി മണ്ഡലം ഓണം ഫെയറിൽ 7,98,794 രൂപ, കണ്ണൂർ മണ്ഡലം ഓണം ഫെയറിൽ 17,87,408 രൂപ എന്നിങ്ങനെയുമാണ്  വിറ്റുവരവ്  ലഭിച്ചത്. കണ്ണൂർ ഡിപ്പോയ്ക്ക് കീഴിൽ നടന്ന ജില്ലാ ഫെയറിലും മണ്ഡലം ഫെയറുകളിലും ഔട്ട്‌ലെറ്റുകളിലും കൂടി ആകെ 2,59,80,791 രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.
തലശ്ശേരി ഡിപ്പോയ്ക്ക് കീഴിൽ ഹൈപ്പർ മാർക്കറ്റിൽ നടന്ന തലശ്ശേരി മണ്ഡലം  ഓണം ഫെയറിൽ 31,45,322 രൂപയുടെ വിറ്റുവരവും ഇരിട്ടിയിൽ നടന്ന പേരാവൂർ മണ്ഡലം ഓണം ഫെയറിൽ 15,74,399 രൂപ, മട്ടന്നൂർ മണ്ഡലം  ഓണം ഫെയറിൽ 19,20,194 രൂപ, കൂത്തുപറമ്പ് മണ്ഡലം ഓണം ഫെയറിൽ 28,66,055 രൂപ എന്നിങ്ങനെയാണ് വിറ്റുവരവ് ഉണ്ടായത്. തലശ്ശേരി ഡിപ്പോയ്ക്ക് കീഴിലുള്ള മണ്ഡലം ഫെയറുകളിലും ഔട്ട്‌ലെറ്റുകളിലും കൂടി ആകെ 369,77,876 രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.
സപ്ലൈകോ തളിപ്പറമ്പ് ഡിപ്പോയ്ക്ക് കീഴിലെ പയ്യന്നൂർ മണ്ഡലം ഓണം ഫെയറിൽ 12,34,929 രൂപയുടെ വിറ്റു വരവും തളിപ്പറമ്പ് മണ്ഡലം ഓണം ഫെയറിൽ 17,83,814 രൂപ, ശ്രീകണ്ഠപുരത്ത് നടന്ന ഇരിക്കൂർ മണ്ഡലം
ഓണം ഫെയറിൽ 11,61,906 രൂപ എന്നിങ്ങനയുമായിരുന്നു വിറ്റുവരവ്. തളിപ്പറമ്പ് ഡിപ്പോയ്ക്ക് കീഴിലുള്ള മണ്ഡലം ഫെയറുകളിലും ഔട്ട്‌ലെറ്റുകളിലും കൂടി ആകെ 300,37,133 രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.

മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതി: ടൂറിസം നിക്ഷേപക സംഗമം 25ന്

മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായുള്ള ടൂറിസം സർക്യൂട്ടുകൾ രൂപീകരിച്ച് കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക്  കുതിപ്പ് പകരുന്നതിന് വേണ്ടി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ടൂറിസം നിക്ഷേപക സംഗമം സെപ്റ്റംബർ 25ന് ഉച്ച രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ലയിലെ ജല ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തി സംരംഭകർക്ക് അവസരം ലഭ്യമാക്കി ടൂറിസം രംഗത്ത് അനുയോജ്യമായ നിക്ഷേപം നടത്താൻ അവസരം നൽകി സംസ്ഥാന ടൂറിസം വകുപ്പ് അഞ്ചു നദികളുടെ തീരങ്ങളിലായി പണി കഴിപ്പിച്ച ബോട്ട് ജെട്ടികൾ/ ടെർമിനലുകൾ, അനുബന്ധ ടൂറിസം പദ്ധതികൾ, മൂന്ന് സ്പീഡ് ബോട്ടുകൾ എന്നിവയുടെ നടത്തിപ്പിനും പരിപാലനത്തിനും നിക്ഷേപകർക്ക് അവസരം നൽകുകയും ലക്ഷ്യമിടുന്നു.
പെരുമ്പ (കവ്വായി കായൽ), കുപ്പം, വളപട്ടണം, മാഹി, അഞ്ചരക്കണ്ടി പുഴകൾ കേന്ദ്രീകരിച്ചു അനുയോജ്യമായ തീമുകളിലൂടെ ജല ടൂറിസത്തെ ലോകത്തിനു മുൻപാകെ സമഗ്രമായി അവതരിപ്പിക്കുക എന്നതാണ് ഈ നിക്ഷേപ സംഗമം ലക്ഷ്യം വെക്കുന്നത്. ജില്ലയിലെ അഡ്വഞ്ചർ ടൂറിസം ഓപ്പറേറ്റർമാർ, ബോട്ട് ഓപ്പറേറ്റർമാർ, ട്രാവൽ ആൻഡ് ടൂറിസം ട്രേഡ് അസോസിയേഷനുകൾ, പുരവഞ്ചികളുടെ ഉടമസ്ഥർ, ടൂറിസം മേഖലയിലെ വിവിധ ഓപ്പറേറ്റർമാർ, സ്റ്റാർട്ട് അപ്പ് കമ്പനികൾ തുടങ്ങിയവർക്കും താൽപര്യമുള്ള മറ്റുള്ളവർക്കും  പങ്കെടുക്കാം. വിവിധ ബോട്ട് ടെർമിനലുകൾ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സാധ്യതകൾ, ചെയ്യാൻ കഴിയുന്ന പദ്ധതികൾ, നിബന്ധനകൾ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ വിവരം സംഗമത്തിൽ ലഭിക്കുന്നതാണ്. നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 0497 2706336, 9447524545 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന

2024 ജൂൺ 22നും 23നും കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലെ സ്‌കൂളുകളിൽ നടന്ന ഏപ്രിൽ 2024 കെ-ടെറ്റ് പരീക്ഷയിലും മുൻ വർഷങ്ങളിൽ നടന്ന കെ-ടെറ്റ് പരീക്ഷയിലും (കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല്) വിജയിച്ചവരുടെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ പരിശോധന സെപ്റ്റംബർ 26 മുതൽ 28 വരെ കണ്ണൂർ ജിവിഎച്ച്എസ്എസ് സ്പോർട്സിൽ രാവിലെ 10 മുതൽ മൂന്ന് മണി വരെ നടത്തും. യോഗ്യത സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, കെ ടെറ്റ് ഹാൾടിക്കറ്റ്, കെ ടെറ്റ് മാർക്ക് ലിസ്റ്റ് എന്നിവയുടെ അസ്സലും ഒരു സെറ്റ് പകർപ്പും ഹാജരാക്കണം. ബിഎഡ്, ഡിഎൽഡ് പഠിച്ച് കൊണ്ടിരിക്കെ പരീക്ഷ എഴുതിയവർ കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്ന അവസരത്തിൽ രണ്ടാം വർഷ വിദ്യാർഥി ആയിരുന്നുവെന്നു സ്ഥാപന മേലധികാരി നൽകുന്ന സർട്ടിഫിക്കറ്റും കോഴ്സ് വിജയിച്ച സർട്ടിഫിക്കറ്റും ഹാജരാക്കണം. ഒരു ദിവസം 150 ടോക്കൺ നൽകും. പരിശോധന തീയതി കാറ്റഗറി രണ്ട് സെപ്റ്റംബർ 26, കാറ്റഗറി മൂന്ന് സെപ്റ്റംബർ 27, കാറ്റഗറി ഒന്ന്, നാല് സെപ്റ്റംബർ 28. ഫോൺ: 04972 700167

അപേക്ഷാ തീയതി നീട്ടി

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 23 വരെ നീട്ടി. അപേക്ഷകൾ ഓൺലൈനായി
https://samraksha.ceikerala.gov.in/ എന്ന വെബ്സൈറ്റ് മുഖേന സമർപ്പിക്കാം.

വന്യജീവി വാരാഘോഷം: വിദ്യാർഥികൾക്ക് മത്സരങ്ങൾ

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സാമൂഹ്യ വനവത്കരണ വിഭാഗം ജില്ലയിലെ എൽപി, യുപി, ഹൈസ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ ഗവ. ടിടിഐ (മെൻ) കണ്ണൂരിൽ മത്സരങ്ങൾ നടത്തുന്നു. എൽപി, യുപി വിഭാഗങ്ങൾക്ക് പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ പെയിന്റിങ് എന്നിവയിലും, ഹൈസ്‌കൂൾ, കോളേജ് വിഭാഗങ്ങൾക്ക് പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ പെയിന്റിങ്, ക്വിസ്, ഉപന്യാസം, പ്രസംഗം എന്നിവയിലുമാണ് മത്സരം. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. ക്വിസ് മത്സരത്തിന് ഓരോ വിഭാഗത്തിനും ഒരു സ്‌കൂൾ/കോളേജിനെ പ്രതിനിധീകരിച്ച് രണ്ടുപേർ ചേർന്ന ഒരു ടീമിനും മറ്റു മത്സരങ്ങൾക്ക് ഓരോ വിഭാഗത്തിനും രണ്ട് പേർക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പ്രതിനിധീകരിച്ചും പങ്കെടുക്കാം. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർക്കാർ/എയ്ഡഡ്/അംഗീകൃത സ്വാശ്രയ സ്‌കൂൾ/പ്രൊഫഷണൽ കോളേജ്/പോളിടെക്നിക്ക് കോളേജ് എന്നിവ ഉൾപ്പെടും. ഹയർ സെക്കന്ററി (പ്ലസ് വൺ, പ്ലസ് ടു) വിദ്യാർഥികൾ കോളേജ് തലത്തിലാണ് മത്സരിക്കേണ്ടത്. പ്രസംഗ മൽസരവും ഉപന്യാസ മത്സരവും മലയാള ഭാഷയിലാണ്. മത്സരത്തിൽ പങ്കെടുക്കുന്ന ഒരോ വിഭാഗത്തിനും പ്രധാനാധ്യാപകൻ/പ്രിൻസിപ്പൽ എന്നിവരിൽ നിന്ന് പ്രത്യേകം സാക്ഷ്യപത്രം ഹാജരാക്കണം. സാക്ഷ്യപത്രത്തിൽ വിദ്യാർഥി പഠിക്കുന്ന സ്‌കൂൾ, ക്ലാസ്, പിതാവിന്റെ/മാതാവിന്റെ പേര് എന്നിവ രേഖപ്പെടുത്തണം. സാക്ഷ്യപത്രം ഹാജരാക്കാത്ത വിദ്യാർഥികളെ മത്സരത്തിൽ പങ്കെടുപ്പിക്കില്ല. ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ നടത്തുന്ന മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഗവ. ടിടിഐ (മെൻ) കണ്ണൂരിൽ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും. മത്സരാർത്ഥികൾ 9.30 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റ് www.forest.kerala.gov.in ഫോൺ:9447979151

ജൈവവൈവിധ്യ കോൺഗ്രസ് മത്സരങ്ങൾ: കണ്ണൂർ ജില്ലയിൽ അഞ്ച് വിദ്യാർത്ഥികൾക്ക് നേട്ടം.

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംസ്ഥാന കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ഉപന്യാസ രചന, പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ് എന്നീ മത്സരയിനങ്ങളിൽ 14 ജില്ലകളിലെയും ജില്ലാ തലത്തിൽ ഒന്നാം സമ്മാനാർഹരുടെ മൂല്യ നിർണയം നടത്തി കണ്ണൂർ ജില്ലയിൽ അഞ്ച് വിദ്യാർത്ഥികൾക്ക് നേട്ടം. സീനിയർ പെൻസിൽ ഡ്രോയിംഗിൽ ജിഎച്ച്എസ് എസ് പള്ളിക്കുന്നിലെ ജിത്തുൽ കെ. ഒന്നാം സ്ഥാനം നേടി. ജൂനിയർ പെൻസിൽ ഡ്രോയിംഗിൽ അഴീക്കോട് എച്ച് എസിലെ ഹർഷ പ്രമോദ് ഒന്നാം സ്ഥാനത്തിന് അർഹയായി. ജൂനിയർ വിഭാഗം ഉപന്യാസ രചനയിൽ അഞ്ചരക്കണ്ടി സ്‌കൂളിലെ സൽവ സാദിഖ് ഒന്നാം സ്ഥാനം നേടി.
ജൂനിയർ വിഭാഗം പെയിന്റിംഗ് മത്സരത്തിൽ ചെമ്പിലോട് എച്ച്എസ്എസിലെ വിശാൽ പി രണ്ടാം സ്ഥാനവും സീനിയർ വിഭാഗം പെയിന്റിംഗിൽ പിണറായി എകെജിഎംഎച്ച്എസ്എസിലെ അദ്വൈത് പി പി രണ്ടാം സ്ഥാനവും നേടി. ഒക്‌ടോബർ 19ന് തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ 16ാമത് സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസിൽ സമ്മാനദാനം ഉണ്ടാകും.

ആറന്മുള വള്ളസദ്യക്ക് വീണ്ടും അവസരമൊരുക്കി കെഎസ്ആർടിസി

ആറൻമുള സദ്യയുണ്ട് പഞ്ചപാണ്ഡവക്ഷേത്രങ്ങളിലും ദർശനം നടത്തുന്ന പഞ്ച പാണ്ഡവ ക്ഷേത്ര ദർശന തീർഥാടന യാത്രയുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർഥയാത്ര എന്ന ടാഗ് ലൈനിൽ ഈ തീർഥാടനയാത്ര സംഘടിപ്പിക്കുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കൽപം. ഈ തീർത്ഥാടനയാത്രയിൽ പാണ്ഡവരുടെ മാതാവായ കുന്തീദേവീ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന ദുർഗാദേവി വിഗ്രഹമുള്ള മുതുകുളം പാണ്ഡവർകാവ് ദേവി ക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും ഉൾപ്പെടും. സെപ്റ്റംബർ 28ന് പുറപ്പെടുന്ന പാക്കേജ് രാവിലെ 5.30ന് ആരംഭിച്ച് വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, ചോറ്റാനിക്കര, തൃച്ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം എന്നിവ ദർശിച്ച് അന്ന് രാത്രി ഹോട്ടലിൽ താമസം. രണ്ടാമത്തെ ദിവസം പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം നടത്തി വള്ളസദ്യയിലും പങ്കെടുത്ത് തിങ്കളാഴ്ച്ച രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തും. റൂം ചാർജും വള്ളസദ്യയും ഉൾപ്പെടെ ഒരാൾക്ക് 3100 രൂപയാണ് ചാർജ്.

നെഹ്റു ട്രോഫി വള്ളംകളി കാണാം

സെപ്റ്റംബർ 28 ശനിയാഴ്ച ഓളപ്പരപ്പിലെ ഒളിമ്പിക്സായ നെഹ്രുട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ അവസരം ഒരുക്കി കെഎസ്ആർടിസി. സെപ്റ്റംബർ 27ന് വൈകുന്നേരം കണ്ണൂർ കെഎസ്ആർടിസിയിൽ യാത്ര ചെയ്ത് 28ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന കായൽ ജലോത്സവത്തിന് പങ്കെടുക്കാം. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെഎസ്ആർടിസിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്.

നിധി ആപ്കെ നികട് പദ്ധതി

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും നടത്തുന്ന നിധി ആപ്കെ നികട് ഗുണഭോക്താക്കൾക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പർക്ക പരിപാടി സെപ്റ്റംബർ 27ന് രാവിലെ 9.30 മുതൽ ഉച്ച ഒരു മണിവരെ പയ്യന്നൂർ മുനിസിപ്പൽ ലൈബ്രറി ഹാളിലും ചെട്ടുംകുഴി, വിദ്യാനഗർ കെ എസ് അബ്ദുള്ള ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്‌കൂളിലും നടത്തും. ഇപിഎഫ്/ഇഎസ്ഐ അംഗങ്ങൾക്കും തൊഴിലുടമകൾക്കും ഇപിഎഫ് പെൻഷണർമാർക്കും തൊഴിലാളി സംഘടനാ പ്രതിനിധികൾക്കും ആവശ്യമായ രേഖകൾ സഹിതം ഹാജരാകാം.

വേതന കുടിശ്ശിക നൽകും

ബസ് തൊഴിലാളികൾക്ക് നാല് ഗഡു വേതന കുടിശ്ശികയായതിൽ രണ്ട് ഗഡു വേതന കുടിശ്ശിക ഒക്ടോബർ ഒന്നിനും ഡിസംബർ ഒന്നിനും നൽകാൻ ജില്ലാ ലേബർ ഓഫീസർ സി വിനോദ് കുമാറിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. തൊഴിലാളി-തൊഴിലുടമ യൂണിയൻ പ്രതിനിധികളുടെ യോഗത്തിൽ തൊഴിലുടമകളെ പ്രതിനിധീകരിച്ച് രാജ്കുമാർ കരുവാരത്ത്, പി പി മോഹനൻ, പി കെ പവിത്രൻ, കെ ഗംഗാധരൻ, കെ വിനയൻ, ഒ പ്രദീപൻ എന്നിവരും യൂനിയനെ പ്രതിനിധീകരിച്ച് കെ പി സഹദേവൻ, വി വി പുരുഷോത്തമൻ, എൻ മോഹനൻ, വി വി ശശീന്ദ്രൻ, എൻ പ്രസാദ്, കെ കെ ശ്രീജിത്ത്, ആലിക്കുഞ്ഞ് പന്നിയൂർ എന്നിവരും പങ്കെടുത്തു.

വനിതാ സൈക്കോളജിസ്റ്റ് ഒഴിവ്

കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ഹോമിയോ) കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയിലെ സീതാലയം പ്രോജക്ടിൽ വനിതാ സൈക്കോളജിസ്റ്റ് തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. അടിസ്ഥാന യോഗ്യത എംഎസ്സി സൈക്കോളജി/എംഫിൽ/എംഎസ്സി ക്ലിനിക്കൽ സൈക്കോളജി. സെപ്റ്റംബർ 25 ന് 10.30 ന് ജില്ലാ മെഡിക്കൽ ഓഫീസ്(ഹോമിയോ)സിവിൽ സ്റ്റേഷൻ, എഫ് ബ്ലോക്ക്, രണ്ടാം നില, കണ്ണൂരിൽ കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോൺ: 04972 711726

അതിഥി അധ്യാപക ഒഴിവ്

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ സയൻസ് വിഷയത്തിൽ ഒരു അതിഥി അദ്ധ്യാപകനെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. www.collegiateedu.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട വിഷയത്തിൽ 55ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദവും(ഒബിസി നോൺക്രീമിലെയർ, ഭിന്നശേഷി വിഭാഗക്കാർക്ക് 50ശതമാനം മാർക്ക് മതി) എംഎഡും നെറ്റ്/പിഎച്ച്ഡിയും ഉണ്ടായിരിക്കണം. നെറ്റ്/പിഎച്ച്ഡി ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും.  പ്രസ്തുത വിഷയത്തിലേക്കുള്ള ഇന്റർവ്യൂ സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് കോളേജിൽ നടത്തും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഒരു പകർപ്പും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0490 2320227, 9188900212

സീറ്റൊഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിലെ മാടായി ഗവ. ഐടിഐ യിൽ പെയിന്റർ ജനറൽ ട്രേഡിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്എസ്എൽസി ജയിച്ചവരോ തോറ്റവരോ ആയ വിദ്യാർഥികൾ സെപ്റ്റംബർ 30 നകം ഓഫീസിൽ നേരിട്ട് ഹാജരാകണം. ആൺകുട്ടികൾക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭിക്കും. ഫോൺ: 04972 877300, 9447228499, 9995178614

ക്വട്ടേഷൻ ക്ഷണിച്ചു

ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഫിസിക്കൽ എജുക്കേഷൻ വകുപ്പിലേക്ക് സ്പോർട്സ് ഉപഭോഗ വസ്തുക്കൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 7ന് 12.30 വരെ. ഫോൺ: 04972 780226

ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ് പുതിയ കമ്പ്യൂട്ടർ ലാബിലെ ഇലക്ട്രിക്കൽ വയറിങ്ങ് പ്രവൃത്തി ചെയ്യുന്നതിന് (സാധന സാമഗ്രികൾ ഉൾപ്പെടെ) ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഓക്ടോബർ 10 ന് രണ്ട് മണിവരെ. ഫോൺ: 0497 2780226

അതിഥി അധ്യാപക ഒഴിവ്

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ സോഷ്യൽ സയൻസ് വിഷയത്തിൽ ഒരു അതിഥി അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. www.collegiateedu.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദവും (ഒബിസി നോൺക്രീമിലെയർ, ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി) എംഎഡും നെറ്റ്/പിഎച്ച്ഡിയും ഉണ്ടായിരിക്കണം. നെറ്റ്/പിഎച്ച്ഡി ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. ഇന്റർവ്യൂ സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് കോളേജിൽ നടത്തും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഒരു പകർപ്പും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0490 2320227, 9188900212

About The Author

Leave a Reply

Your email address will not be published. Required fields are marked *