രാസ, വാതക അപകടങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കുക

0
അപകടകരമായ രാസവസ്തുക്കളുടെ ഉത്പാദനം, ശേഖരണം, കൈമാറ്റം എന്നീ പ്രക്രിയകളിൽ ബന്ധപ്പെട്ടവർ അതീവ ജാഗ്രത പുലർത്തണമെന്നും ഇവ മൂലമുണ്ടായേക്കാവുന്ന അപകടകരമായ സാഹചര്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾ അവബോധമുള്ളവരായിരിക്കണമെന്നും ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് അറിയിച്ചു. ഈ പ്രക്രിയകൾക്കിടയിൽ അപകടങ്ങൾ മൂലമോ, പ്രകൃതിക്ഷോഭങ്ങൾ മൂലമോ തീപ്പിടിത്തം, സ്‌ഫോടനം, വിഷവാതകചോർച്ച മുതലായവ സംഭവിക്കുകയും അത് പൊതുജനത്തെ ബാധിക്കുകയും ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഇവയാണ്.
* അപകടം കാണുന്നയാൾ കഴിയുന്നതും വേഗം പോലീസ്, അഗ്‌നിശമനസേന തുടങ്ങിയവരെ വിവരം അറിയിക്കുക.
* മുന്നറിയിപ്പു സംവിധാനങ്ങളായ എമർജൻസിപാനൽ, ക്ലാസ് ലേബൽ എന്നിവയിൽ നോക്കി ഏത് ഉത്പന്നമാണ് വാഹനത്തിൽ എന്ന് മനസ്സിലാക്കുക.
* വിഷവാതകമാണോ, തീപിടിക്കുന്ന വാതകമാണോ എന്ന് മനസ്സിലാക്കുക.
* ചോർച്ചയുണ്ടെങ്കിൽ പരിഭ്രാന്തരാകാതെ കാറ്റിന്റെ ഗതി മനസ്സിലാക്കി അതിന് കുറുകെ മാറി എതിർദിശയിലേക്ക് സുരക്ഷിതമായി നീങ്ങുക. ഓടരുത്. വേഗം നടക്കുക.
* പരിശീലനം ലഭിച്ച ആളുടെ മേൽനോട്ടത്തിൽ മാത്രമേ ഇത്തരം അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിനു ശ്രമിക്കാവൂ.

ചോർന്ന വസ്തു വിഷവാതകമാണെങ്കിൽ

* ഈ വാതകം ശ്വസിക്കരുത്.
*സമീപ പ്രദേശങ്ങളിൽ നിന്നും വിഷവാതകം പരക്കാൻ ഇടയുള്ള ദൂരപരിധിയിൽനിന്ന് ആളുകളെ ഒഴിപ്പിക്കണം.
* കാറ്റിന്റെ ഗതി മനസ്സിലാക്കി സുരക്ഷിത സ്ഥാനത്തേക്കു മാറ്റുക.
* എല്ലാവരും അപകടസ്ഥലത്തുനിന്ന് ഒഴിഞ്ഞുപോകുന്നു എന്ന് ഉറപ്പുവരുത്തുക.
* ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ധരിച്ച്, പരിശീലനം സിദ്ധിച്ച ആളുകളുടെ മേൽനോട്ടത്തിൽ ചോർച്ച അടയ്ക്കുക.
* വിഷവാതകങ്ങൾ ഏറ്റവും വേഗത്തിൽ പ്രവേശിക്കുന്നത് ശ്വസനത്തിലൂടെയാണ്. അതിനാൽ നനഞ്ഞ തുണി ഉപയോഗിച്ച് മുഖവും വായും മറയ്ക്കുക.
* ആ വിഷപദാർഥങ്ങൾ കണ്ണിലോ, ശരീരത്തിലോ ആയിട്ടുണ്ടെങ്കിൽ ശുദ്ധമായ വെള്ളം ഉപയോഗിച്ച് 15 മിനിറ്റെങ്കിലും ആ ഭാഗം കഴുകേണ്ടതാണ്.
* വിഷവാതകം ശ്വസിച്ച ആളെ എത്രയും വേഗം ശുദ്ധവായു കിട്ടുന്ന സ്ഥലത്തേക്കു മാറ്റുകയും, ആവശ്യമായ പ്രഥമശുശ്രൂഷ നൽകുകയും ചെയ്യേണ്ടതാണ്.

ചോർന്ന വസ്തു തീപിടിക്കാൻ സാധ്യതയുള്ളതാണെങ്കിൽ

* കാറ്റിന്റെ ഗതി മനസ്സിലാക്കി സുരക്ഷിതസ്ഥാനത്തേക്ക് മാറുക.
* വാഹനത്തിന്റെ അടുത്ത് സ്പാർക്ക് ഉണ്ടാകാൻ സാധ്യതയുള്ളവയെല്ലാം പരമാവധി ഒഴിവാക്കുക. സാധ്യമെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
* മൊബൈൽ ഫോൺ ഉപയോഗം കർശനമായി ഒഴിവാക്കണം.
* വൈദ്യുത ഉപകരണങ്ങൾ, സ്റ്റൗവ് തുടങ്ങിയവ ഓഫാക്കി സൂക്ഷിക്കുക.
* അപകടമേഖലയിൽ കാഴ്ചക്കാരെ ഒഴിവാക്കി സുരക്ഷാവലയം ഉണ്ടാക്കണം.
* വാതകം തീപിടിക്കാതിരിക്കാൻ പുറത്തേക്ക് വരുന്ന വാതകം പരമാവധി വെള്ളം ഉപയോഗിച്ച് തണുപ്പിക്കുകയും നിർവീര്യമാക്കുകയും വേണം. വിദഗ്ദരുടെ മേൽനോട്ടത്തിൽ ചോർച്ച നിയന്ത്രിക്കാനുള്ള ശ്രമം തുടങ്ങണം.

എൽപിജി (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്)

* അതിമർദ്ദത്തിൽ ദ്രാവകരൂപത്തിൽ സിലിണ്ടറുകളിലും ടാങ്കറുകളിലും സൂക്ഷിച്ചിരിക്കുന്നു.
* നിറവും മണവും ഇല്ലാത്ത വാതകം.
* മണത്തിനുവേണ്ടി ഈഥൈൽ മെർകാപ്റ്റൻ എന്ന രാസവസ്തു ചേർത്തിരിക്കുന്നു.
* വിഷവാതകമല്ല. കൂടുതൽ ശ്വസിക്കാൻ ഇടയായാൽ ശ്വാസംമുട്ടൽ അനുഭവപ്പെടും.
* വായുവിനേക്കാൾ സാന്ദ്രത കൂടുതൽ. അതിനാൽ ലീക്ക്‌
ചെയ്യുമ്പോൾ തറനിരപ്പിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.
* വളരെവേഗം തീപിടിക്കാൻ സാധ്യതയുള്ളതിനാൽ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതുണ്ട്.
* മൊബൈൽഫോൺ, വൈദ്യുതി ഉപകരണങ്ങൾ, സ്പാർക്ക് ഉണ്ടാകുന്ന വസ്തുക്കൾ എന്നിവ ചോർച്ചയുള്ളിടത്ത് ഉപയോഗിക്കാൻ പാടില്ല. വീട്ടിൽ വൈദ്യുതോപകരണങ്ങൾ ഓൺ ആക്കാനോ ഓഫ് ആക്കാനോ പാടില്ല.
ഓക്‌സിജന്റെ അഭാവം
* പ്രാണവായു എന്നറിയപ്പെടുന്ന ഓക്‌സിജന്റെ അഭാവം അന്തരീക്ഷത്തിൽ ഉണ്ടാവാകയോ മറ്റു വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ പരക്കുകയോ ചെയ്യുന്നത് അത്യന്തം അപകടകരമാണ്.
* ശ്വസിക്കാൻ അന്തരീക്ഷത്തിൽ ഉണ്ടാവേണ്ട 21% ഓക്‌സിജൻ ഇല്ലാതെ വരുമ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്ങ്ങൾ ഉണ്ടാവുകയും അളവ് 6% ആകുമ്പോഴേക്ക് വളരെ വേഗം മരണം സംഭവിക്കുകയും ചെയ്യാം.
* കിണറുകൾ വൃത്തിയാക്കുമ്പോഴും അടഞ്ഞുകിടക്കുന്ന സെപ്റ്റിക് ടാങ്കുകൾ തുറക്കുമ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ടാങ്കുകൾ വൃത്തിയാക്കുവാൻ ആളുകൾ കയറുമ്പോഴും ഓക്സിജൻ ലഭ്യത ഉറപ്പാക്കി വിഷവാതകം ഇല്ല എന്ന് ഉറപ്പു വരുത്തി മാത്രമേ പ്രവേശിക്കാവൂ.

ക്ലോറിൻ വാതകം

* അതിമർദത്തിൽ ദ്രാവകരൂപത്തിൽ 900 കിലോ ഗ്രാം ഉള്ള സിലിണ്ടറുകളിലാണ് ക്ലോറിൻ വാതകം സൂക്ഷിക്കുന്നത്. ഇതിന് പച്ചകലർന്ന മഞ്ഞനിറമാണ്.
* രൂക്ഷഗന്ധമുള്ള വാതകം പ്രധാന മായും ശ്വസനേന്ദ്രിയങ്ങളെയാണ് ബാധിക്കുക.
* വായുവിനേക്കാൾ രണ്ടര മടങ്ങ് സാന്ദ്രത കൂടുതലാണ്. ദ്രാവകരൂപത്തിൽ പുറത്തുവന്നാൽ 450 മടങ്ങ് വാതകമായി പരിവർത്തനം ചെയ്യപ്പെടും.
* അനുവദിക്കപ്പെട്ട സുരക്ഷിതമായ ഉയർന്ന പരിധി ഒരു പിപിഎം (പാർട്‌സ് പെർ മില്യൺ).
* തീപിടിക്കുവാനുളള സാദ്ധ്യത കുറവാണ്.

അമോണിയ വാതകം
* അതിമർദത്തിൽ ദ്രാവകരൂപത്തിൽ 40/50/60 കിലോ ഗ്രാം ഉള്ള സിലിണ്ടറുകളിൽ സൂക്ഷിക്കുന്നു.
* നിറം ഇല്ലാത്ത രൂക്ഷഗന്ധമുള്ള വാതകമാണിത്.
* വായുവിനേക്കാൾ സാന്ദ്രത കുറവാണ്.
* ദ്രാവകരൂപത്തിൽ പുറത്തുവന്നാൽ 850 മടങ്ങ് വാതകമായി പരിവർത്തനം ചെയ്യപ്പെടും.
* ജലവുമായി പ്രതിപ്രവർത്തിച്ച് ഇത് അമോണിയം ഹൈഡ്രോക്‌സൈഡായി മാറും. ശരീരത്തിലെ ഈർപ്പമുള്ള ഭാഗമായ കണ്ണിനെയാണ് ഇത് ആദ്യം ബാധിക്കുക. ആന്തരികാവയവങ്ങൾക്ക് കേടുവരുത്തുന്നതിനും അമോണിയം ഹൈഡ്രോക്‌സൈഡിന് കഴിയും.
* അനുവദിക്കപ്പെട്ട സുരക്ഷിതമായ ഉയർന്ന പരിധി 25 പിപിഎം (പാർട്‌സ് പെർ മില്യൺ).
* തീപിടിക്കാനുളള സാധ്യത കുറവാണ്.

ഹൈഡ്രജൻ സൾഫൈഡ്

* ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള നിറമില്ലാത്ത വിഷവാതകം.
* വായുവിനേക്കാൾ സാന്ദ്രത കൂടുതൽ. അനുവദിക്കപ്പെട്ട സുരക്ഷിതമായ ഉയർന്ന പരിധി 10 പിപിഎം (പാർട്‌സ് പെർ മില്യൺ)
*  ഉയർന്ന അളവിൽ ശ്വസിക്കാൻ ഇടയായാൽ അപകടസാധ്യത കൂടുതലാണ്. ഉടൻതന്നെ ശുദ്ധവായു ലഭിക്കുന്നിടത്തേക്കു മാറ്റി ആവശ്യമാണെങ്കിൽ കൃത്രിമശ്വാസം നൽകണം.
* വേഗം ആശുപത്രിയിൽ എത്തിക്കണം

സൾഫ്യൂറിക് ആസിഡ്

* ദ്രവീകരണ സ്വഭാവം ഉള്ളതിനാൽ എല്ലാവിധ ശാരീരിക സമ്പർക്കവും ഉഴിവാക്കുക.
* ബാഷ്പം ശ്വസിക്കരുത്.
* ദ്രാവകരൂപത്തിലോ, ബാഷ്പരൂപത്തിലോ, ശരീരത്തിനുള്ളിൽ കടന്നാൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ പൊള്ളൽ ഉണ്ടാക്കും.
* സമ്പർക്കമുണ്ടായ ശരീരഭാഗത്ത് തണുത്ത വെള്ളം ഉപയോഗിച്ചു കഴുകുക.
* ആസിഡിലേക്ക് ഒരു കാരണവശാലും വെള്ളം ഒഴിക്കരുത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *