അരവിന്ദ് കെജ്രിവാൾ നാളെ ലെഫ്റ്റനന്റ് ഗവർണ‌റെ കാണും; രാജിക്കത്ത് നൽകും

0

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നാളെ രാജിക്കത്ത് നൽകും. ലെഫ്റ്റ്നന്റ് ഗവർണർ വി കെ സക്സേനക്കാണ് രാജിക്കത്ത് നൽകുക. വൈകിട്ട് നാലരക്കാണ് ലെഫ്റ്റ്നന്റ് ഗവർണറെ കാണുക. നാളെ രാവിലെ 11 മണിക്ക് കെജ്രിവാളിന്റെ വസതിയിൽ ആം ആദ്മി പാർട്ടി നിയമസഭാ കക്ഷി യോ​ഗം ചേരും. അരവിന്ദ് കെജ്രിവാൾ നാളെ രാജി വയ്ക്കുന്നതോടെ ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി ആരെന്നതിൽ ചർച്ച സജീവമായിരിക്കുകയാണ്.

പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളിൽ കരുതലോടെ നീങ്ങാനാണ് പാർട്ടി തീരുമാനം. മുഖ്യമന്ത്രിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയെ തീരുമാനിക്കും. മന്ത്രിമാരായ അതിഷി,  സൗരദ് ഭരദ്വാജ്, ഗോപാൽ റായി കൈലാഷ് ഗഹ്ലോട്ട് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിന്റെ പേരും ചർച്ചകളിലുണ്ട്.

പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കെജ്രിവാൾ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. അഗ്‌നിപരീക്ഷക്ക് തയ്യാറെന്നും ജനവിധിയോടെ തിരിച്ചു വരുമെന്നും കെജ്രിവാൾ പറഞ്ഞു. ജനങ്ങൾ തീരുമാനിക്കുന്നത് വരെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലേക്ക് പോകാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചത്. നവംബറിൽ തെരഞ്ഞെടുപ്പ് വേണമെന്നാണ് കെജ്രിവാളിന്റെ ആവശ്യം.

About The Author

Leave a Reply

Your email address will not be published. Required fields are marked *