ദുരിതാശ്വാസ കണക്ക്; പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി

0

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വ്യാജ വാർത്തകളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ പുറത്തു വിട്ട കണക്കുകൾ വസ്തുതാവിരുദ്ധമാണ്. കേന്ദ്ര സർക്കാരിന് നൽകിയ മെമ്മോറാണ്ടത്തിൽ ആവശ്യമായ ചിലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കിയിരുന്നു.

ഈ കണക്കുകളെ ദുരന്ത മേഖലയിൽ ചിലവഴിച്ച തുക എന്ന തരത്തിൽ അവാസ്‌തവമായി പ്രചരിപ്പിക്കുകയാണെന്നും കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കം വെയ്ക്കുന്ന സമീപനമെന്നും വിമർശനമെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വ്യക്തമാക്കി.

ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്.

ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നത്.

മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉൾപ്പെടുത്തി കേന്ദ്ര സർക്കാറിന് സമർപ്പിച്ച മെമ്മോറാണ്ടമാണ് ഹൈക്കോടതിയിൽ നൽകിയത്. ആ മെമ്മോറാണ്ടത്തെ ഉദ്ധരിച്ചുകൊണ്ട് തെറ്റായ രീതിയിൽ സംസ്ഥാന സർക്കാർ കണക്കുകളും ബില്ലുകളും പെരിപ്പിച്ചു കാട്ടി എന്നും മറ്റുമുള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരാണ്. വയനാടിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ദുരന്തബാധിതർക്ക് അർഹതപെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി വേണം ഇതിനെ കാണുവാൻ.

ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ഉത്തരവിന്റെ അഞ്ചാം പേജിൽ പറയുന്നത് ഇങ്ങനെയാണ്-

“ 3. Thereafter, the document goes on to provide an assessment of Response and Relief measures as per State Disaster Response Fund [SDRF] norms as follows:

“2. Assessment of Response and Relief as per SDRF norms”

അതായത് എസ്‍ ഡി ആര്‍ എഫ് മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ അസസ്മെന്റ്
ചൂരല്‍മല ദുരന്തത്തില്‍ ആകെ ചെലവഴിച്ച തുകയോ, നഷ്ടമോ അല്ല. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ക്ലയിം ചെയ്യാവുന്ന തുകയുടെ ഏകദേശ കണക്കാണ് എന്നാണ്.

മെമ്മറോണ്ടം എന്നത് ഒരു ദുരന്തഘട്ടത്തിൽ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടർന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനമുൾപ്പെടെയുള്ള ചെലവുകൾ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കി സമർപ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകൾ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷാപ്രവർത്തനവും പുനരധിവാസവും ഉൾപ്പെടെ മുന്നിൽ കണ്ട് തയ്യാറാക്കുന്ന നിവേദനമാണ്. വസ്തുത ഇതായിരിക്കെ തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ അത് തിരുത്തുവാൻ തയ്യാറാകണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *