വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇ ഹെൽത്ത് പദ്ധതി വരുന്നു; ഇനി മുതൽ ഓൺലൈൻ ബുക്കിംഗ്

കണ്ണൂർ ഗവ. ജില്ലാ ആശുപത്രിയിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതോടെ ഇനി മുതൽ ഓൺലൈൻ ബുക്കിംഗ് നടപ്പിലാവുമെന്ന് ആർഎംഒ ഡോ. സുവിൻ മോഹൻ ജില്ലാ പഞ്ചായത്ത് യോഗത്തിൽ അറിയിച്ചു. ആരോഗ്യവകുപ്പ് രൂപം നൽകിയ ഇ-ഹെൽത്ത് വെബ് പോർട്ടൽ മുഖേനയാണ് അപ്പോയിന്റ്‌മെന്റ് എടുക്കാൻ സാധിക്കുക. ഇ-ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാനായി https://ehealth.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ച് തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കണം. അങ്ങനെ ലഭിക്കുന്ന തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് നിശ്ചിത തീയതിയിൽ ആശുപതികളിലേക്കുള്ള അപ്പോയിന്റ്‌മെന്റ് എടുക്കാൻ സാധിക്കും. ഇ ഹെൽത്ത് ഉള്ള എല്ലാ ആശുപത്രികളിലും ഈ തിരിച്ചറിയൽ നമ്പർ ഉപയോഗിക്കാം. രോഗികൾ അവർക്ക് സൗകര്യപ്രദമായ സമയമാനുസരിച്ചുള്ള ടോക്കൺ എടുക്കാമെന്നും അദ്ദേഹം അറിയിച്ചു.
ഇ-ഹെൽത്ത് പദ്ധതി പൂർണ്ണതോതിൽ നടപ്പിലാക്കുന്നതോടെ എല്ലാ സർക്കാർ ആശുപത്രികളേയും ഒറ്റ നെറ്റ് വർക്കിന്റെ ഭാഗമാക്കി മാറ്റാൻ കഴിയും. ഇതോടെ ചികിത്സക്കായി വിവിധ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ പോകുമ്പോൾ, രോഗികൾക്കു തങ്ങളുടെ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള രേഖകൾ കൊണ്ടു നടക്കേണ്ടിവരില്ല. ടെസ്റ്റുകൾ ആവർത്തിച്ചു ചെയ്യേണ്ടിയും വരില്ല. രോഗനിർണയം മുതൽ ചികിത്സ നൽകൽ വരെ ഇതു വേഗത്തിലാക്കും. ഇതോടെ ഒപി ടിക്കറ്റിനായി ജില്ലാ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാൻ കഴിയുമെന്നത് നേട്ടമാണ്. തിരക്ക് കുറഞ്ഞ സമയമായതിനാലാണ് ഇപ്പോൾ ഇ ഹെൽത്തിന്റെ ട്രയൽ ഇപ്പോൾ നടത്തുന്നത്. തിരക്ക് കുറക്കാനായി നാല് കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ജില്ലയിൽ ഏറ്റവും അധികം രോഗികൾ വരുന്ന ആശുപത്രിയായി ജില്ലാ ആശുപത്രി മാറിയിട്ടുണ്ടെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ പറഞ്ഞു. ഒരു ദിവസം മൂവായിരത്തി അഞ്ഞൂറിലധികം പേരാണ് എത്തുന്നത്. ജില്ലാ ആശുപത്രിയിൽ നിശ്ചയിക്കുന്ന വളണ്ടിയർമാർ അല്ലാതെ പുറത്തുനിന്നുള്ള വളണ്ടിയർമാരെ ഒഴിവാക്കണം. അത് ആശുപത്രിയുടെ സേവനങ്ങളെ ബാധിക്കുന്നു. ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായുള്ള വിവര ശേഖരണം നടക്കുന്നത് മൂലമാണ് ഇപ്പോൾ സമയം എടുക്കുന്നത്. പുതിയ ബ്ലോക്ക് പദ്ധതി ഡിസംബറിൽ ഉദ്ഘാടനം ചെയ്യും. അതിൽ ബാക്കിയുള്ള 15 കോടി ഉപയോഗിച്ച് പഴയ കെട്ടിടം പൊളിച്ച് പുതിയ ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചതായും പ്രസിഡൻറ് അറിയിച്ചു.
മറ്റ് യോഗ തീരുമാനങ്ങൾ: കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ ശ്മശാനത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കൽ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് വിഹിതമായി ഒരു ലക്ഷം രൂപ അനുവദിക്കും. കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്തിൽ സ്മാർട്ട് അങ്കണവാടി കെട്ടിട നിർമ്മാണത്തിന് 10 ലക്ഷം രൂപ അനുവദിക്കും.
ജെൻഡർ റിസോഴ്‌സ് സെൻററിലെ താൽക്കാലിക ജീവനക്കാർക്ക് തനതുഫണ്ടിൽനിന്ന് ശമ്പളം നൽകുന്നതിന് നടപടി സ്വീകരിക്കാൻ വനിതാ ശിശുവികസന ഓഫീസർക്ക് പ്രസിഡൻറ് നിർദേശം നൽകി.
ജില്ലാ ആശുപത്രി ഹെൽപ്‌ഡെസ്‌ക് ജീവനക്കാരുടെ വേതനം വർധിപ്പിക്കാനുള്ള നിർദേശം അംഗീകരിച്ചു. മാടായി, പാപ്പിനിശ്ശേരി സ്‌കൂളുകളുടെ പ്രവൃത്തി പൂർത്തിയാക്കാത്തതിനാൽ കരാറുകാരുടെ കാലാവധി നീട്ടി നൽകും. പാച്ചേനി, ചെറുപുഴ സ്‌കൂളുകളിലെ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാകാത്തതിനാൽ കരാർ പുതുക്കി നൽകും. വേങ്ങാട് സ്‌കൂളിലെ ചുറ്റുമതിലും പാചകപ്പുരയും അപകടാവസ്ഥയിലാണെന്ന സ്‌കൂൾ അധികൃതരുടെ പരാതി പരിശോധിക്കാൻ എക്‌സിക്യുട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി. വയോജന മെഡിക്കൽ ക്യാമ്പുകൾ നടത്താൻ ആയുഷ് വകുപ്പിന്റെ കീഴിലെ ഹോമിയോ വകുപ്പിന് അനുമതി നൽകി.
മുൻ രാജ്യസഭാംഗവും സിപിഐ(എം) ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
സ്ഥിരം സമിതി അംഗങ്ങളായ അഡ്വ. കെ കെ രത്‌നകുമാരി, വി കെ സുരേഷ് ബാബു, യു പി ശോഭ, അഡ്വ. ടി സരള, അംഗങ്ങളായ എൻ പി ശ്രീധരൻ, തോമസ് വക്കത്താനം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ വി മുകുന്ദൻ എന്നിവർ സംസാരിച്ചു.

തദ്ദേശവാർഡ് ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു ;
കരട് പട്ടിക സെപ്റ്റംബർ 20ന് 

സംസ്ഥാനത്തെ 32 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മാടായി, കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ചെങ്ങോം എന്നിവ ഇതിൽ ഉൾപ്പെടും. കരട് വോട്ടർപട്ടിക സെപ്റ്റംബർ 20നും അന്തിമപട്ടിക ഒക്ടോബർ 19നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് സെപ്തംബർ 20 മുതൽ ഒക്ടോബർ അഞ്ച് വരെ അപേക്ഷിക്കാം. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അർഹത. അതിനായി sec.kerala.gov.in വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകണം.
പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്ത ആക്ഷേപങ്ങളുടെ പ്രിൻറൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡുകളിൽ അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ. കരട് പട്ടിക അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.
12 ജില്ലകളിലായി ഒരു ജില്ലാപഞ്ചായത്ത് വാർഡ്, നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 24 ഗ്രാമപഞ്ചായത്ത് വാർഡുകൾ  എന്നിവയിലാണ് ആകസ്മിക ഒഴിവുകളുള്ളത്.

വന്ധ്യതാ നിവാരണ ചികിത്സ പുനരാരംഭിക്കും

മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സെപ്റ്റംബർ 23 മുതൽ വന്ധ്യതാ നിവാരണ ചികിത്സ പ്രവർത്തനം പുനരാരംഭിക്കും. തിങ്കൾ മുതൽ ശനി വരെ രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് 12 മണിവരെയായിരിക്കും ഒപി.

എംടെക് സ്‌പോട്ട് അഡ്മിഷൻ

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഒഴിവുള്ള എം.ടെക് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ അടക്കം സെപ്റ്റംബർ 18 ബുധനാഴ്ച രാവിലെ 10.30ന് കോളേജിൽ ഹാജരാകേണ്ടതാണ്. ഫോൺ: 8075161822.

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2024-25വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മതിയായ രേഖകൾ സഹിതം ഒക്ടോബർ 31 നു മുൻപായി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. യോഗ്യത പരീക്ഷക്ക് 70 ശതമാനം മാർക്കുള്ള കുട്ടികളുടെ അപേക്ഷകൾ മാത്രമേ സ്‌കോളർഷിപ്പിന് പരിഗണിക്കൂ. അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാ ഓഫീസിൽ നിന്നും യൂണിയൻ ഓഫീസുകളിൽ നിന്നും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0497 2705182.

നവീകരിച്ച റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു

എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് പുതുതായി ടാർ ചെയ്ത ചേണിയാർക്കൽ ശങ്കരവിലാസം സ്‌കൂൾ റോഡിന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ അനീഷ അധ്യക്ഷത വഹിച്ചു. 11 ലക്ഷം രൂപ ചെലവഴിച്ച് 467 മീറ്ററാണ് ടാറിങ്ങ് പൂർത്തിയാക്കി നവീകരിച്ചത്. ചടങ്ങിൽ വാർഡ് അംഗം എ ബാലൻ, വികസന സമിതി കൺവീനർ മാവള്ളി രാഘവൻ, കെ കെ ദീപേഷ്, ടി വി സുനീഷ് എന്നിവർ സംസാരിച്ചു.

ഓണാഘോഷം

തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിലെ കോടതികളുടെ ഓണാഘോഷ പരിപാടി നടന്നു. പൂക്കള മത്സരത്തിൽ തലശ്ശേരി സിജെഎം കോടതി ഒന്നാം സമ്മാനം നേടി. എസിജെഎം കോടതി തലശ്ശേരി, സബ് കോടതി തലശ്ശേരി എന്നിവർ രണ്ട്, മൂന്ന് സ്ഥാനം നേടി. വയനാട് മുണ്ടക്കൈ ഉരുൾ പൊട്ടലിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായ രീതിയിലാണ് ഓണാഘോഷ പരിപാടി നടത്തിയത്. പൂക്കള മത്സര വിജയികൾക്ക് ജില്ലാ ജഡ്ജ് കെ ടി നിസാർ അഹമ്മദ് ട്രോഫികൾ സമ്മാനിച്ചു.

ഗ്രോത്ത് പൾസ്: സംരംഭകർക്ക് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ് അഞ്ച് ദിവസത്തെ ഗ്രോത്ത് പൾസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 24 മുതൽ 28 വരെ കളമശ്ശേരി ക്യാമ്പസിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകർക്ക് പങ്കെടുക്കാം. ഫീസ്: 3540 രൂപ. താമസം ആവശ്യമില്ലാത്തവർക്ക് 1500 രൂപ. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 2000 രൂപ. താമസം ആവശ്യമില്ലാത്തവർക്ക് 1000 രൂപ. താൽപര്യമുള്ളവർ www.kied.info/training-calender/എന്ന വെബ് സൈറ്റിൽ ഓൺലൈനായി സെപ്റ്റംബർ 20 ന് മുമ്പ് അപേക്ഷ സമർപ്പിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. ഫോൺ: 0484 2532890,0484 2550322, 9188922785

About The Author

Leave a Reply

Your email address will not be published. Required fields are marked *

You may have missed