ഇന്‍ഡിഗോ ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇ പി; യെച്ചൂരിയെ അവസാനമായി കാണാന്‍ ഡല്‍ഹിക്ക്

0

ഇൻഡിഗോ വിമാനക്കമ്പനിയെ ബഹിഷ്കരിക്കുന്നത് അവസാനിപ്പിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കാണ് ഇൻഡിഗോ വിമാനത്തിൽ ഇപി ജയരാജൻ പുറപ്പെട്ടത്. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാനാണ് ഇ.പി ജയരാജൻ ഡൽഹിയിലേക്ക് പോകുന്നത്.

ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇപിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇൻഡിഗോ സർവീസ് ഇ.പി ബഹിഷ്കരിച്ച് കണ്ണൂരിലേക്കുള്ള യാത്ര ട്രെയിനിലാക്കിയത്.2022 ജൂൺ 13നാണ് കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത്.

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലുകളെ തുടർന്നാണ് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തശേഷമായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് മുന്നോട്ടു നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി.ജയരാജൻ സീറ്റുകൾക്കിടയിലേക്ക് തള്ളിയിട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. ഇൻഡിഗോ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ട് ആഴ്ചത്തേക്കു തടഞ്ഞ ഇ.പി. ജയരാജന് മൂന്ന് ആഴ്ചത്തെ വിമാന യാത്രാവിലക്ക് ഏർപ്പെടുത്തി. ഇതോടെ ഇൻഡിഗോ വിമാനത്തിലെ യാത്ര അവസാനിപ്പിക്കുന്നതായി ജയരാജൻ പ്രഖ്യാപിച്ചു.

മറ്റു വിമാനങ്ങളില്ലാത്തതിനാൽ ജയരാജന്റെ യാത്ര പിന്നീട് ട്രെയിനിലായി. ഇൻഡിഗോ അധികൃതർ പലതവണ ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തിൽ നിന്ന് ഇ.പി പിന്നോട്ടു പോയില്ല. മാസങ്ങൾക്കുശേഷം എയർ ഇന്ത്യ തിരുവനന്തപുരം -കണ്ണൂർ സർവീസ് ആരംഭിച്ചതോടെയാണ് വീണ്ടും ജയരാജന്‍ വിമാനത്തിൽ ഈ റൂട്ടിൽ സഞ്ചരിച്ച് തുടങ്ങിയത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *