ഓണപ്പൂക്കളത്തിന് നിറപ്പകിട്ടേകാൻ കെസിസിപിഎൽ ചെണ്ടുമല്ലികയും
ഓണക്കാലത്ത് ചെണ്ടുമല്ലിക കൃഷിയിൽ നൂറുമേനി വിളവുമായി കെസിസിപിഎൽ ലിമിറ്റഡ് കമ്പനിയുടെ മാടായി യൂണിറ്റ്. ചൈനാക്ലേ ഫാക്ടറി വളപ്പിലെ ഒരേക്കർ സ്ഥലത്ത് കമ്പനി സ്വന്തമായി ഉത്പാദിപ്പിച്ച എണ്ണായിരം തൈകളാണ് നട്ടുപിടിപ്പിച്ചത്. കമ്പനി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് വിവിധ കൃഷികളിലേക്കു ചുവടുവെച്ചത്.
മാടായി യൂണിറ്റിൽ നടന്ന വിളവെടുപ്പ് കെസിസിപിഎൽ ചെയർമാൻ ടിവി രാജേഷ് ഉദ്ഘാടനം ചെയ്തു. ഖനന ഭൂമി മണ്ണിട്ടു നികത്തി അതിൽ കമ്പനിയുടെ ഉൽപ്പന്നമായ അഗ്രിപിത്ത് (ചകിരിച്ചോറ്) വളമായി ഉപയോഗിച്ചാണ് ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള ചെണ്ടുമല്ലി കൃഷിചെയ്തത്. കെസിസിപി ലിമിറ്റഡിലെ തൊഴിലാളികൾ ഹൃദയപൂർവ്വം വൈവിധ്യവത്കരണ പദ്ധതികളെ ഏറ്റെടുത്തതിന്റെ വിജയം കൂടിയാണ് ചെണ്ടുമല്ലി കൃഷിയിലെ നൂറുമേനിയുടെ വിജയഗാഥ. കഴിഞ്ഞ വർഷത്തെ പൂകൃഷി വൻവിജയമായതോടെ ആണ് ഈ വർഷം ഒരു ഏക്കറിലേക്കു കൃഷി വ്യപിപ്പിച്ചത്. ചെണ്ടുമല്ലി പൂക്കൾ ജനകീയ കൂട്ടായ്മയിൽ ഓണ വിപണിയിൽ എത്തിക്കാനാണ് പദ്ധതി.
മാടായി കൃഷി ഓഫീസർ കെ സുനീഷ്, കെസിസിപിഎൽ എംഡി ആനക്കൈ ബാലകൃഷ്ണൻ, പഴയങ്ങാടി യൂനിറ്റ് മാനേജർ ഒ വി രഘുനാഥൻ എന്നിവർ വിളവെടുപ്പ് ചടങ്ങിൽ പങ്കെടുത്തു.