സംസ്ഥാനത്ത് ഇനിമുതൽ കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയിൽ ലഭിക്കും
കാൻസർ ചികിത്സയിൽ രോഗികളും ബന്ധുക്കളും നേരിടുന്ന വലിയ വെല്ലുവിളിയാണ് മരുന്നുകളുടെ ഉയർന്ന വില. ഇപ്പോഴിതാ ഈ രംഗത്ത് സംസ്ഥാന സർക്കാർ നിർണായകമായ ഇടപെടൽ നടത്തുകയാണ്.
കാന്‍സര്‍ മരുന്നുകള്‍ ഇനി ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കും. ആദ്യഘട്ടത്തില്‍ 14 ജില്ലകളിലും 14 കാരുണ്യ കൗണ്ടറുകളിലൂടെയും മരുന്നുകൾ ലഭിക്കും. വിലകൂടിയ കാൻസറിനെതിരെയുള്ള മരുന്നുകൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാർമസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ ലഭ്യമായി തുടങ്ങും.
‘കാരുണ്യ സ്പര്‍ശം’ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് തിരുവനന്തപുരത്ത് നിര്‍വഹിക്കും. ഇപ്പോള്‍ കാരുണ്യ ഫാര്‍മസുകളിലൂടെ വിതരണം ചെയ്യുന്ന 247 ഇനം മരുന്നുകളാണ് സീറോ പ്രോഫിറ്റായി നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടികളുടെ ഭാഗമായാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയ പദ്ധതിയ്ക്ക് തുടക്കമിടുന്നതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.
മരുന്നുകള്‍ ലഭിക്കുന്ന കാരുണ്യ ഫാര്‍മസികള്‍
- തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
- ഗവ. കൊല്ലം വിക്ടോറിയ ആശുപത്രി
- പത്തനംതിട്ട ജനറല്‍ ആശുപത്രി
- ആലപ്പുഴ മെഡിക്കല്‍ കോളേജ്
- കോട്ടയം മെഡിക്കല്‍ കോളേജ്
- ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി
- എറണാകുളം മെഡിക്കല്‍ കോളേജ്
- തൃശൂര്‍ മെഡിക്കല്‍ കോളേജ്
- പാലക്കാട് ജില്ലാ ആശുപത്രി
- മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി
- കോഴിക്കോട് മെഡിക്കല്‍ കോളേജ്
- മാനന്തവാടി ജില്ലാ ആശുപത്രി
- കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ്
- കാസര്‍ഗോഡ് ജനറല്‍ ആശുപത്രി
അതേസമയം, നിലവിൽ സംസ്ഥാനത്ത് 74 കാരുണ്യ ഫാർമസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാൻഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാർമസികൾ വഴി നൽകുന്നത്. ഇത് കൂടാതെയാണ് കാൻസറിനുള്ള മരുന്നുകൾ പൂർണമായും ലാഭം ഒഴിവാക്കി നൽകുന്നത്.