വയനാട് ഉരുൾപൊട്ടൽ; കണ്ടെത്താനുള്ളത് 119 പേരെ

0

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. വയനാട്ടിൽ ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്നതിനാൽ ജാഗ്രത തുടരുന്നുണ്ട്. 119 പേരെയാണ് നിലവിൽ കണ്ടെത്താനുള്ളത്. തെരച്ചിൽ സംഘത്തിൽ ആളുകളെ വെട്ടിക്കുറച്ചത് ഇപ്പോൾ വിമർശനത്തിന് വഴി വച്ചിരിക്കുകയാണ്. അതേസമയം ക്യാമ്പുകളിൽ ഇപ്പോൾ 97 കുടുംബങ്ങൾ ഉണ്ട്. ഇതുവരെ 630 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.

തെരച്ചിലിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ചുമതലയുണ്ടായിരുന്ന നോഡൽ ഓഫീസർ വിഷ്ണുരാജ് മടങ്ങിയിട്ട് ഒരാഴ്ചയായി.എന്നാൽ തിരച്ചിൽ നിർത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല. ചൂരൽ മലയിലെ വ്യാപാരസ്ഥാപനങ്ങൾ വൃത്തിയാക്കുന്നതാണ് ഇപ്പോൾ സജീവമായി നടക്കുന്നത്. അവർക്കുള്ള ഭക്ഷണം അടക്കം ഒരുക്കുന്നത് വ്യാപാരികളാണ്. താൽക്കാലിക പുനരധിവാസം ഇനിയും പൂർത്തിയാക്കാൻ ഉണ്ട്. സ്കൂളുകൾ തുറക്കാനും വൈകുന്നു.

ദുരന്തമുഖത്ത് ഇപ്പോഴും ബാക്കിയുള്ള സേനാ വിഭാഗങ്ങൾക്ക് ഹോട്ടലിൽ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്. രണ്ടുദിവസം കൂടിയെ ഭക്ഷണം വേണ്ടിവരൂ എന്നാണ് അവർക്ക് കിട്ടിയ അറിയിപ്പ്. എന്നാൽ എൻഡിആർഎഫിന് റിലീവിങ് ഓർഡർ നൽകിയിട്ടുമില്ല. ഡിഎൻഎഫലങ്ങൾ കിട്ടിത്തുടങ്ങി എന്ന് പലതവണ മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ പറഞ്ഞിരുന്നുവെങ്കിലും, മൃതദേഹം തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയിട്ടില്ല. ബന്ധുക്കളുടെ സാമ്പിളുമായി ഒത്തു നോക്കിയുള്ള ഫലം വൈകുന്നു. കൂടുതൽ മൃതദേഹമോ ശരീരഭാഗങ്ങളോ കിട്ടിയ ചാലിയാർ തീരം, സൂചിപ്പാറ വനമേഖല എന്നിവിടങ്ങളിലും തെരച്ചിൽ നിർത്തി.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *