ശിശുക്ഷേമസമിതി അംഗങ്ങൾ വിശാഖപട്ടണത്തേക്ക് തിരിച്ചു; കുട്ടിയെ തിരിച്ചെത്തിക്കും

0

കഴക്കൂട്ടത്തുനിന്ന് കാണാതായ കുട്ടിയെ ഏറ്റുവാങ്ങാൻ ശിശുക്ഷേമസമിതി(സിഡബ്ല്യുസി) അംഗങ്ങൾ വിശാഖപട്ടണത്തേക്ക് തിരിച്ചു. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ മാർഗമാണ് സംഘം തിരിച്ചത്. സിഡബ്ല്യുസി സംഘം ഇന്ന് വൈകിട്ട് വിശാഖപട്ടണത്ത് എത്തും. ഇന്നുതന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് സംഘം ശ്രമിക്കുന്നത്.

തിരുവനന്തപുരം സിഡബ്ല്യുസി കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിശാഖപട്ടണം സിഡബ്ലിസി കത്ത് നൽകും. നടപടിക്രമങ്ങൾ വേഗത്തിലാക്കാനാണ് ആവശ്യപ്പെടുക. കുട്ടിയുടെ വൈദ്യ പരിശോധന ഇന്ന് നടത്തിയ ശേഷം അവിടെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും. നാളെയോടെ കുട്ടിയെ കേരളത്തിൽ എത്തിക്കും. കുഞ്ഞിന് സിഡബ്ല്യുസി കൗൺസിലിംഗ് നൽകും. രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ചംഗ സംഘമാണ് വിശാഖപട്ടണത്തേക്ക് തിരിച്ചത്.

അസം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസിക്കുകയും ചെയ്യുന്ന അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീത്ത് തംസത്തെയാണ് ഓഗസ്റ്റ് 20 രാവിലെ 10 മണി മുതല്‍ കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്ന് കാണാതായത്. അയല്‍വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയ കുട്ടിയെ മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ കഴക്കൂട്ടം പൊലീസിനെ സമീപിക്കുകയായിരുന്നു.

വിശാഖപട്ടണത്ത് വെച്ച് താംബരം എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായി 37 മണിക്കൂറുകള്‍ക്ക് ശേഷം വിശാഖപട്ടണം മലയാളി സമാജം പ്രവർത്തകരാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി സമാജം പ്രവർത്തകർ എത്തുമ്പോൾ ട്രെയിനിലെ ബെർത്തിൽ കിടക്കുകയായിരുന്നു കുട്ടി. സംശയം തോന്നിയ യാത്രക്കാർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി പ്രതികരിച്ചിരുന്നില്ല.

അമ്മ വഴക്കുപറഞ്ഞതിനാലാണ് താൻ വീടുവിട്ടിറങ്ങിയതെന്നാണ് കുട്ടി പറഞ്ഞത്. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ അമ്മ കുട്ടിയുമായി സംസാരിച്ചിരുന്നു. എവിടേക്കാണ് പോയതെന്ന് അറിയില്ല. എങ്ങനെയാണ് പോയതെന്നും അറിയില്ല. പൊലീസിനൊപ്പം വരുമെന്നും കുട്ടി മാതാപിതാക്കളോട് പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *