ഭക്ഷ്യ വിഷബാധ: തടിക്കടവ് ഗവ. ഹൈസ്കൂൾ ജില്ലാ മെഡിക്കൽ ഓഫീസ് സംഘം സന്ദർശിച്ചു
ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്ത തടിക്കടവ് ഗവ. ഹൈസ്കൂൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാടിന്റെ നിർദേശ പ്രകാരം ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ. സച്ചിൻ കെ സി യുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള സംഘം സന്ദർശിച്ചു. നിലവിൽ 109 കുട്ടികളും 14 അധ്യാപകരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി എം ഒ അറിയിച്ചു. സ്കൂളിൽ തയ്യാറാക്കിയ ഉച്ച ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷ ബാധ റിപ്പോർട്ട് ചെയ്തത്. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ചിക്കനും സാലഡും വിളമ്പിയിരുന്നു. അതിൽ നിന്നായിരിക്കാം ഭക്ഷ്യ വിഷ ബാധ ഉണ്ടായത് എന്നാണ് നിഗമനം.
ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള സംഘം പ്രധാനധ്യാപികയുമായും മറ്റു അധ്യാപക സ്കൂൾ വികസന സമിതി അംഗങ്ങളുമായി ചർച്ച നടത്തി. ഭക്ഷണം പാകം ചെയ്ത ജീവനക്കാരിൽ നിന്നും ഭക്ഷണ വിതരണം ചെയ്തവരിൽ നിന്നും മൊഴിയെടുത്തു. ചിക്കൻ വിതരണം ചെയ്ത ആലക്കോടെ ചിക്കൻ വിതരണ സ്ഥാപനത്തിൽ പരിശോധന നടത്തി. ശുചിത്വ മാനദണ്ഡം പാലിക്കാത്തതിനാൽ സ്ഥാപനത്തിന് നോട്ടീസ് നൽകുന്നതിന് നിർദേശം നൽകി. സ്കൂളിലെ കുടിവെള്ളം സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനും സ്കൂൾ പി ടി എ മീറ്റിംഗ് വിളിക്കുന്നതിനും നിർദേശിച്ചു.
ഭക്ഷ്യ വിഷ ബാധ ഏറ്റവരും ഭക്ഷണം കഴിച്ച മറ്റുള്ളവരും പാലിക്കേണ്ട ആരോഗ്യ നിർദ്ദേശങ്ങൾ നൽകി. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുമുള്ള സംഘത്തിൽ ജില്ലാ സർവേലൻസ് ഓഫീസർ ഡോ. അനീറ്റ കെ ജോസി, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ സുധീഷ്. ടി, ടെക്നിക്കൽ ഓഫീസർ, രാഘവൻ, രാധാകൃഷ്ണൻ, എപ്പിഡെമോളജിസ്റ്റ് അഭിഷേക് എന്നിവരും ഉണ്ടായിരുന്നു.
ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിക്കുന്നവർക്കായി ആരോഗ്യവകുപ്പ് നൽകുന്ന സന്ദേശം
ഭക്ഷ്യവിഷ ബാധയേറ്റ് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ കൃത്യമായ വൈദ്യസഹായം തേടേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
തന്നിരിക്കുന്ന മരുന്നുകളും ഒ ആർ എസും കൃത്യമായി കഴിക്കുക.
നിർജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ഒ ആർ എസ് പാനീയം അല്ലെങ്കിൽ ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പിട്ട നാരങ്ങ വെള്ളം, മോര് വെള്ളം എന്നിവയാണ് ഉപയോഗിക്കേണ്ടത്. ഇത് തയ്യാറാക്കുന്നതിനായി പച്ചവെള്ളം ഉപയോഗിക്കാൻ പാടില്ല.
ഒ ആർ എസ് തയ്യാറാക്കുന്നതിനായും തിളപ്പിച്ചാറിയ വെള്ളം തന്നെ ഉപയോഗിക്കുക.
ഭക്ഷ്യവിഷബാധ ഏറ്റവർ ഒരു കാരണവശാലും പട്ടിണി കിടക്കാൻ പാടുള്ളതല്ല. ആവശ്യത്തിന് ഭക്ഷണം കഴിച്ചിരിക്കണം. ലഘുവായ ഏതുതരം ഭക്ഷണവും അതുപോലെതന്നെ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
ടോയ്ലറ്റിൽ പോയതിനു ശേഷം കൈ കാലുകൾ വൃത്തിയായി സോപ്പിട്ട് കഴുകുക.
ഭക്ഷണം കഴിക്കുന്നതിനു മുന്നേയും ശേഷവും കൃത്യമായി കൈകൾ വൃത്തിയായി കഴുകുക
ഭക്ഷ്യ വിഷബാധ ഭാവിയിൽ ഒഴിവാക്കുന്നതിനായി
എപ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
പാചകത്തിനായി ഉപയോഗിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കൃത്യമായി കഴുകി വൃത്തിയാക്കിയ ശേഷം പാചകം ചെയ്യുക
പാചകത്തിനായി ശുദ്ധമായ കുടിവെള്ളം മാത്രം ഉപയോഗിക്കുക.
ആഹാരസാധനങ്ങൾ പാചകം ചെയ്തതിനുശേഷം കൃത്യമായി അടച്ചു സൂക്ഷിക്കുക.
ആഹാരസാധനങ്ങൾ സൂക്ഷിക്കുന്ന സ്റ്റോർ റും എലി പാറ്റ തുടങ്ങിയവ കയറാതെ സൂക്ഷിക്കുക.
പഴകിയ ആഹാരസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.
കിണറുകളുടെ കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധന ഇടയ്ക്കിടെ നടത്തുകയും ആവശ്യമെങ്കിൽ ക്ലോറിനേഷൻ നിർബന്ധമായും നടത്തുകയും ചെയ്യുക.
ഹോട്ടലുകൾ, കാന്റീനുകൾ, മറ്റു പൊതു അടുക്കളകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജോലിക്കാർക്കും ഫുഡ് ഹാൻഡ്ലേഴ്സ് മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉടമസ്ഥർ ഉറപ്പു വരുത്തുക.