ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം

പാരീസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം. മലയാളി ഗോള്‍ കീപ്പര്‍ ധരിച്ചിരുന്ന ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. പാരിസ് ഒളിമ്പിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, രണ്ട് പതിറ്റാണ്ടോളം 16-ാം നമ്പർ ജഴ്‌സി ധരിച്ചാണ് കളിച്ചത്. പാരിസിലും മുന്നെ ടോക്കിയോയിലും നടന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ പ്രധാനിയാവാന്‍ ഇന്ത്യന്‍ വന്‍മതിലിന് കഴിഞ്ഞിരുന്നു.

പിആര്‍ ശ്രീജേഷ് ദേശീയ ജൂനിയർ ഹോക്കി ടീമിന്‍റെ പരിശീലകനാകുമെന്നു ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിങ് അറിയിച്ചിട്ടുണ്ട്. ‘ശ്രീജേഷ് ഇപ്പോൾ ജൂനിയർ ടീമിന്‍റെ പരിശീലകനാകാൻ പോവുകയാണ്. സീനിയർ ടീമില്‍ നിന്ന് ഞങ്ങൾ 16-ാം നമ്പർ ജഴ്‌സി പിന്‍വലിക്കുന്നു. ജൂനിയർ ടീമിന്‍റെ 16-ാം നമ്പര്‍ പിന്‍വലിക്കില്ല. ജൂനിയർ ടീമിൽ ശ്രീജേഷ് മറ്റൊരു പിആര്‍ ശ്രീജേഷിനെ രൂപപ്പെടുത്തും. ആ പ്ലേയര്‍ 16-ാം നമ്പർ ജേഴ്‌സി ധരിക്കും.’- ഭോല നാഥ് സിങ് പറഞ്ഞു.

ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍‌ പത്ത് പേരായി ചുരുങ്ങിയിട്ടും ബ്രിട്ടനെതിരെ ഇന്ത്യ വിജയം പിടിച്ചത് മലയാളി കൂടിയായ ശ്രീജേഷിന്‍റെ നിശ്ചയദാര്‍ഢ്യം ഒന്ന് കൊണ്ട് മാത്രമാണ്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയിനിനെതിരെയും ശ്രീജേഷ് നിര്‍ണായക സെവുകളുമായി കളംനിറഞ്ഞു. ഒളിമ്പിക്സോടെ ഹോക്കിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍കീപ്പറാണ്.

About The Author