വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഗവേഷണത്തിന്റെ വാതിൽ തുറന്ന് വിദ്യാലയങ്ങളിൽ സ്ട്രീം പ്രോജക്ടുകൾ

പൊതുവിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സ്ട്രീം എക്കോസിസ്റ്റം എന്ന പുത്തൻ മാതൃക സമഗ്രശിക്ഷാ കേരളം സ്‌കൂളുകളിൽ ഒരുക്കുന്നു. കുട്ടികളിൽ ശാസ്ത്രബോധം സൃഷ്ടിക്കുകയും വിജ്ഞാനത്തിന്റെ വിവിധ ധാരകളെ സമന്വയിപ്പിക്കുകയും ചെയ്യുന്ന പഠനരീതിക്കാണ് ഇതിൽ പ്രാമുഖ്യം കൊടുക്കുന്നത്. ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം, എഞ്ചിനീയറിംഗ്, കലകൾ ഉൾപ്പെടുന്ന മാനവിക വിഷയങ്ങൾ, ഗണിതം എന്നിവയെല്ലാം ഇതിൽ സമന്വയിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ 15 ബി ആർ സി പരിധിയിൽ വരുന്ന തിരഞ്ഞെടുത്ത ഓരോ സ്‌കൂളിലും സ്ട്രീം ലേണിംഗ് ഹബ്ബുകൾ ഒരുങ്ങും. ഇന്റർ ഡിസിപ്ലിനറി പഠനത്തിന് സഹായകരമാകുന്ന വിധമുള്ള പ്രവർത്തനാധിഷ്ഠിത ലാബുകളായിരിക്കും ഇത്.

സ്‌കൂൾ സ്ട്രീം ഹബ്ബുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ അഞ്ച് മുതൽ 12ാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഭാഗമാകാം. ഇന്റർ ഡിസിപ്ലിനറി സമീപനത്തെ അടിസ്ഥാനമാക്കി  കണ്ണൂർ ജില്ലയിലെ സ്ട്രീം ഹബ്ബുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ദ്വിദിന ശിൽപശാല ആഗസ്ത് 16,17 തീയ്യതികളിൽ നടക്കും. സമഗ്രശിക്ഷാ കേരളവും കൊച്ചി സർവ്വകലാശാലയും സംയുക്തമായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.

പ്രായോഗികമായ അനുഭവങ്ങൾക്ക് മുഖ്യ ഇടം നൽകുന്ന വിധമാണ് സ്ട്രീം ഹബ്ബുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗവും സ്‌കൂൾ വിദ്യാഭ്യാസവും കൈകോർത്ത് നടപ്പിലാക്കുന്ന പദ്ധതി കൂടിയാണ് ‘സ്ട്രീം എക്കോ സിസ്റ്റം’. സമഗ്രശിക്ഷാ കേരളവും കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.
യഥാർഥ സാമൂഹിക പ്രശ്നങ്ങളെ പഠനത്തിന്റെ ഭാഗമായി അഭിമുഖീകരിക്കാൻ പ്രോജക്ട് രീതിയിലൂടെ സാധിക്കും. സ്ട്രീം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ ബി ആർ സികളിൽ നിന്നും അഞ്ച് പ്രോജക്ടുകൾ തയ്യാറാക്കിയിരുന്നു. കുട്ടികളുടെ പാഠ്യപദ്ധതിയുടെ ഭാഗമായവയാണിതെല്ലാം. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട വസ്തുതകളെ നിലവിലുള്ള പൊതുസാമൂഹിക പ്രശ്നത്തിന്റെ ഭാഗമാക്കുന്ന വിധമുള്ളതാണ് എല്ലാ പ്രോജക്ടുകളും. അഞ്ച് പ്രോജക്ടുകളുടെ അടിസ്ഥാനത്തിൽ കൊച്ചി സർവ്വകലാശാലയിൽ അക്കാദമിക് ചർച്ച നടത്തി. ഇവയിൽ നിന്ന് ഏറ്റവും മികച്ചതും കുട്ടികളുടെ പഠനാശയവുമായി ബന്ധപ്പെട്ടതുമായ മൂന്ന് പ്രോജക്ടുകളാണ് ഓരോ ബി ആർ സി പരിധിയിലും നടത്തുന്നത്. ആകെ 45 അക്കാദമിക് പ്രോജക്ടുകൾ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നിർവഹിക്കും. ഓരോ പ്രോജക്ടുകൾക്കും നിർവഹണത്തിന് പ്രത്യേക ധനസഹായമുണ്ട്. രണ്ടിലധികം വിദ്യാലയങ്ങളിലെ പരമാവധി 30 കുട്ടികളെ ഉൾപ്പെടുത്തിയാണ് പ്രോജക്ടുകൾ ചെയ്യുന്നത്. എല്ലാ ബി ആർ സി കളിലും സ്ട്രീം പ്രോജക്ട് കോ-ഓർഡിനേറ്റർമാർ അക്കാദമിക സമിതികൾ എന്നിവ ഉണ്ടാകും. നിർവ്വഹണത്തിന് സഹായകരമാകുന്ന വിധം സ്‌കൂൾ അധ്യാപകർ മാർഗ്ഗദർശിയായും ഉണ്ടാകും. ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും രണ്ട് പ്രോജക്ടുകളും യു പി വിഭാഗത്തിൽ നിന്നും ഒരു പ്രോജക്ടുമാണ് ഓരോ ബി ആർ സി പരിധിയിലും ഉള്ളത്.

ഹബ്ബ് സ്‌കൂളും അതിനു ചുറ്റുമുള്ള വിദ്യാലയങ്ങളും ചേർന്നുള്ള ഇക്കോസിസ്റ്റം വികസിപ്പിക്കുക പ്രോജക്ടുകളുടെ സമീപനമാണ്. ഓരോ പ്രോജക്ടിനും ഒന്നിലധികം വിദ്യാലയങ്ങളിലെ കുട്ടികളും അധ്യാപകരും ഭാഗമാകും. ഓരോ ബി ആർ സി കളിലെയും അക്കാദമിക് സമിതികളിൽ വിവിധ മേഖലകളിൽ അവഗാഹമുള്ള ഗവേഷകർ, വിരമിച്ച അധ്യാപകർ തുടങ്ങിയവരുണ്ടാകും. പ്രോജക്ടുകൾക്കെല്ലാം അതിന്റെ സവിശേഷത അനുസരിച്ച് ഒരു പങ്കാളിയായി മറ്റ് സ്ഥാപനങ്ങൾ കൂടിയുണ്ടാകും.ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ, സർവ്വകലാശാലകൾ, റിസർച്ച് സെന്ററുകൾ, സർക്കാർ വകുപ്പുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. പ്രോജക്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് സെമിനാറുകൾ ശിൽപശാലകൾ സംഘടിപ്പിക്കും. താൽപര്യമുള്ള കുട്ടികൾക്കും അധ്യാപകർക്കും ജില്ലയിൽ നടത്തുന്ന പ്രോജക്ടിന്റെ ഭാഗമാകാവുന്നതാണ്. ബി ആർ സി കളിൽ നിന്നും വിശദാംശങ്ങൾ ലഭിക്കും.

പോളിടെക്‌നിക് തത്സമയ പ്രവേശനം 14ന്

2024-25 അധ്യയനവർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രിയായി കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജ്, തോട്ടടയിൽ ഒഴിവുള്ള പരിമിതമായ സീറ്റുകളിലേക്ക് തത്സമയ പ്രവേശനം ആഗസറ്റ് 14ന് നടക്കും. ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത വിദ്യാർഥികൾക്ക്  അപേക്ഷ സമർപ്പിക്കാം. ഫീസിനത്തിൽ ഒടുക്കേണ്ട തുക എടിഎം കാർഡ്/യുപിഐ വഴിയും പിടിഎയിൽ അടയ്‌ക്കേണ്ട തുക പണമായും  കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം: 9744340666, 9744706779. അഡ്മിഷൻ സമയക്രമവും മറ്റു വിവരങ്ങളും www.polyadmission.org/let എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

ഹിയറിങ്  മാറ്റിവെച്ചു
ഇരിട്ടി, തലശ്ശേരി ദേവസ്വം ട്രിബ്യൂണൽ ആഗസ്റ്റ് 13ന് കലക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ച ദേവസ്വം പട്ടയ കേസുകളുടെ ഹിയറിങ് മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ (ഡി എം) അറിയിച്ചു. ഫോൺ: 0497 2700645

ടെൻഡർ

വുമൺ പ്രൊട്ടക്ഷൻ ഓഫീസിന്റെ ആവശ്യത്തിലേക്കായി അടുത്ത 2024 ഒക്ടോബർ മുതൽ ഒരു വർഷ കാലയളവിലേക്ക് ടാക്സി പെർമിറ്റുള്ള കാർ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ രണ്ടിന് ഉച്ചക്ക് രണ്ട് മണിവരെ. ഫോൺ: 0497 2996566.

ലൂർദ് കോളേജ് ഓഫ് നഴ്സിംഗിന് ഒന്നാം സ്ഥാനം

വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമിടയിൽ എച്ച് ഐ വി/എയ്ഡ്സ് ബോധ വത്കരണത്തിനായുള്ള യൂത്ത് ഫെസ്റ്റ് 2024-25 ന്റെ ഭാഗമായി സംഘടിപ്പിച്ച ഫ്ളാഷ് മോബ് മത്സരത്തിൽ ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് ഒന്നാം സമ്മാനം നേടി. ജില്ലയിലെ വിവിധ കോളേജുകൾ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിച്ചു. ജില്ലാ ടി ബി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ ടി ബി ഓഫീസർ ഡോ. സോനു ബി നായർ നേതൃത്വം നൽകി.

ദർഘാസ്

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ തലായി അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപാലപ്പേട്ട മത്സ്യബന്ധന കേന്ദ്രത്തിലെ വേ ബ്രിഡ്ജ് മുറി അവകാശങ്ങൾക്കായി ദർഘാസ് ക്ഷണിച്ചു. ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 21 വൈകീട്ട് മൂന്ന് മണി.

ക്വട്ടേഷൻ

കണ്ണൂർ ഗവ എഞ്ചിനീയറിംഗ് കോളേജിലെ ഫിസിക്കൽ എജുക്കേഷൻ വകുപ്പിൽ 2024-25 ലെ ഇന്റർകൊളീജിയറ്റ് മത്സരങ്ങൾക്കുള്ള സ്പോർട്സ് യൂണിഫോം വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  അവസാന തീയതി ആഗസ്റ്റ് 17 ഉച്ചക്ക് 12.30 വരെ. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ് സൈറ്റ് (www.gcek.ac.in) സന്ദർശിക്കുക. ഫോൺ: 0497 2780226

About The Author