ആർദ്ര കേരളം: ജനോപകാരപ്രദമായ നൂതനാശയങ്ങൾക്ക് കണ്ണൂർ ജില്ലാ പഞ്ചായത്തിന് വീണ്ടും സംസ്ഥാനതല പുരസ്‌കാരം

കണ്ണൂർ ജില്ലാ പഞ്ചായത്തിനെ 2022-23ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്‌കാരത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തിന് അർഹമാക്കിയത് ആരോഗ്യ മേഖലയിൽ നടപ്പിലാക്കിയ വ്യത്യസ്തവും നൂതനവും ജനോപകാരപ്രദവുമായ മികച്ച പ്രവർത്തനങ്ങൾ. ആരോഗ്യമേഖലയിൽ വിവിധ പ്രവർത്തനങ്ങൾക്കായി നടത്തിയ ഫണ്ട് വിനിയോഗം, സാന്ത്വനപരിചരണ പരിപാടികൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, നൂതനാശയങ്ങൾ നടപ്പിലാക്കൽ, ശുചിത്വ – മാലിന്യ നിർമ്മാർജ്ജന മേഖലയിലെ ഇടപെടലുകൾ എന്നിവ മുൻനിർത്തിയാണ് അവാർഡ് ലഭിച്ചത്.

ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ജില്ലാ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി എന്നിവയുടെ മികച്ച പ്രവർത്തനം അവാർഡ് ലഭിക്കുന്നതിന് സഹായകമായി. ആശുപത്രികൾക്ക് മരുന്ന് വാങ്ങുന്നതിനായി മാത്രം വിനിയോഗിച്ച മൂന്ന് കോടി രൂപ ഉൾപ്പെടെ ഒമ്പത്    കോടിയോളം രൂപ 2022-23ൽ ജില്ലാ പഞ്ചായത്ത് ചെലവഴിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ കൃത്രിമ അവയവനിർമ്മാണവും വിതരണവും ട്രോമാകെയർ, ഹൃദയ-വൃക്ക തുടങ്ങിയ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ, കാത്ത് ലാബ്, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക വാർഡ് എന്നിവ  മൾട്ടി സ്‌പെഷ്യാലിറ്റി സ്വകാര്യ ആശുപത്രികളുമായി കിടപിടിക്കുന്നതാണ്. ജില്ലാ ഹോമിയോ ആശുപത്രിയിലെ ജനനി, സീതാലയം, സദ്ഗമയ തുടങ്ങിയ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും ജില്ലാ ആയുർവേദ ആശുപത്രിയിലെ പക്ഷാഘാതരോഗികളുടെയും വൃദ്ധജനങ്ങളുടെയും ചികിത്സയ്ക്കും സ്ത്രീകളുടെയും ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണത്തിനും മാനസികാരോഗ്യ സംബന്ധമായ ചികിത്സകൾക്കുമുൾപ്പെടെയുള്ള പ്രത്യേക ക്ലിനിക്കുകളും മികവുറ്റതാണ്. ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക ഇടപെടലിലൂടെ ലഭ്യമാകുന്ന സിഎസ്ആർ ഫണ്ടുകളും ആശുപത്രികളുടെ വികസനത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.
പാലിയേറ്റീവ് മേഖലയ്ക്കും പട്ടികവർഗ മേഖലയിൽ ക്ഷയരോഗബാധിതർക്കുള്ള പ്രത്യേക പദ്ധതികളും കണ്ണൂർ ഫൈറ്റ്‌സ് കാൻസർ കാൻസർനിയന്ത്രണ പദ്ധതിയും എയിഡ്‌സ് ബാധിതർക്കുള്ള പോഷകാഹാര പുനരധിവാസ രോഗപ്രതിരോധ പദ്ധതിയും ജീവിതമാണ് ലഹരി ലഹരിയല്ല ജിവിതം-ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടികളും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്  വിധേയരായവർക്ക് തുടർ ചികിത്സ ലഭ്യമാക്കൽ പദ്ധതിയുമുൾപ്പെടെ ഒട്ടേറെ ജനോപകാരവും നൂതനവുമായ പദ്ധതികളും നടപ്പിലാക്കി.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും ആധുനിക രീതിയിലുള്ള മോഡുലാർ ടോയ് ലെറ്റ്, ടേക്ക് എ ബ്രേക്ക്, ആധുനിക ശ്മശാനങ്ങൾ എന്നിവയ്ക്ക്  ഉൾപ്പെടെ ശുചിത്വ സംവിധാനങ്ങൾക്കായി 6.2 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. പയ്യാമ്പലം ഉൾപ്പെടെയുള്ള ജില്ലയിലെ ബീച്ചുകളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി ശുചിത്വസാഗരം സുന്ദരതീരം പദ്ധതി മുഖേന നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയം.
ജില്ലയിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളെയെല്ലാം കൂട്ടിച്ചേർത്തു പിടിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയുടെ നേതൃത്വത്തിൽ ശുചിത്വ, മാലിന്യ സംസ്‌കരണ മേഖലയിൽ  ഒന്നാകെ നടത്തിയ പ്രവർത്തനങ്ങളും അവാർഡ് നിർണയത്തിന് പരിഗണിക്കപ്പെട്ടു.
കണ്ണൂർ ജില്ലാ പഞ്ചായത്തിന് ലഭിക്കുന്ന നാലാമത്തെ സംസ്ഥാന പുരസ്‌കാരമാണിത്. ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി, ഏറ്റവും മികച്ച വയോജന പദ്ധതി നടപ്പിലാക്കിയതിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം, ഭിന്നശേഷി മേഖേലയിൽ ഏറ്റവും മികച്ച പദ്ധതി നടപ്പിലാക്കിയതിന് സാമൂഹ്യനീതി വകുപ്പിന്റെ സംസ്ഥാനതല പുരസ്‌കാരം എന്നിവയാണിതിന് മുമ്പ് കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്വന്തമാക്കിയത്.

About The Author