ബസ് റൂട്ട് രൂപവത്കരണം: തളിപ്പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ ജനകീയ സദസ്സ്
പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാരിന്റെ ബസ് റൂട്ട് രൂപവത്കരണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ ജനകീയ സദസ്സ് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു.
നിയമസഭാ മണ്ഡലത്തിലെ കൂടുതൽ യാത്രാക്ലേശം നേരിടുന്നതും, നിലവിൽ ബസ് റൂട്ട് ഇല്ലാത്തതും, ഉണ്ടായിരുന്ന റൂട്ട് നിർത്തലാക്കിയതുമായ സ്ഥലങ്ങളിൽ പുതിയ സ്വകാര്യ-പൊതു ബസ് റൂട്ടുകൾ സാധ്യമാണോയെന്ന് പരിശോധിക്കുന്നതിനും, ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷൻമാരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നതിനുമാണ് യോഗം ചേർന്നത്.
ബസ് റൂട്ടുകളുമായി ബന്ധപ്പെട്ട് ലഭിച്ച നൂറോളം അപേക്ഷകൾ എം എൽ എ തളിപ്പറമ്പ് ജോയിൻറ് ആർ ടി ഒ ക്ക് കൈമാറി. ജോയിന്റ് ആർ ടി ഒ യും പി ഡബ്ല്യുഡി ( റോഡ്സും) ഇതിനെ അടിസ്ഥാനമാക്കി പഠന റിപ്പോർട്ട് തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കുന്നതിനായി ആർ ടി ഒ ക്ക് കൈമാറും. യാത്രാക്ലേശം അനുഭവിക്കുന്ന റൂട്ടുകളിൽ 20 മുതൽ 30 വരെ സീറ്റുകൾ ഉള്ള മിനി ബസുകൾ ഓടിക്കുന്നതിനാണ് മുൻഗണന.
തീർത്ഥാടന ടൂറിസം
തളിപ്പറമ്പ് നിയമസഭ മണ്ഡലത്തിലെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തീർഥാടന ടൂറിസം സർവീസ് കെ എസ് ആർ ടി സി കണ്ണൂരിൽ നിന്ന് ആരംഭിക്കുവാൻ നടപടികൾ സ്വീകരിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ യോഗത്തിൽ പറഞ്ഞു.
കണ്ണൂരിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളായ പൈതൽ മല, പാലക്കയം തട്ട്, ഏഴരക്കുണ്ട്, തുടങ്ങിയ സ്ഥലങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് തളിപ്പറമ്പ് വഴി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സർവീസുകൾ നടത്താനും യോഗം നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡി ടി പി സി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കി സമർപ്പിക്കും.
തളിപ്പറമ്പ് താലൂക്ക് കോൺഫറൻസ് ഹാളിൽ യോഗത്തിൽ തളിപ്പറമ്പ് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ശ്രീമതി (പട്ടുവം), വി എം സീന (കുറുമാത്തൂർ), പി പി റെജി (കുറ്റിയാട്ടൂർ), ടി ഷീബ (പരിയാരം), മറ്റു ജനപ്രതിനിധികൾ, തളിപ്പറമ്പ് ജോയിൻറ് ആർ ടി ഒ സി പദ്മകുമാർ, കെ എസ് ആർ ടി സി ഡി ടി ഒ വി മനോജ് കുമാർ, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.