ദുരന്തബാധിത മേഖലയില്‍ ഇന്നും ജനകീയ തിരച്ചില്‍
വയനാട്ടിലെ ദുരന്തബാധിത മേഖലകളില്‍ ജനകീയ തിരച്ചില്‍ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ ആറു സോണുകളായി തിരിച്ചായിരിക്കും മേഖലയിലെ ജനകീയ തിരച്ചില്‍. ദുരിതാശ്വാസ ക്യാംപിലുള്ള സന്നദ്ധരായ ആളുകളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ഇന്ന് തിരച്ചില്‍ നടത്തുക. വയനാട് ഉരുള്‍പൊട്ടലില്‍ ഇതുവരെ 427 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 229 മൃതദേഹങ്ങളും 198 ശരീരഭാഗങ്ങളും മേഖലയില്‍ നിന്നും ലഭിച്ചു.
പ്രദേശത്തെ 130 പേരെ ദുരന്തത്തിനു ശേഷം കാണാതായിട്ടുണ്ട്. ഇതില്‍ 17 ഓളം കുട്ടികളും ഉള്‍പ്പെടുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുമോ എന്ന് പരിശോധിക്കാനായാണ് മേഖലയില്‍ ജനകീയ തിരച്ചില്‍ സംഘടിപ്പിച്ചിട്ടുള്ളത്. അതേസമയം, ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കേണ്ടിയിരുന്നതിനാല്‍ പ്രദേശത്ത് തിരച്ചിലുകളൊന്നും നടത്തിയിരുന്നില്ല. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പു കൂടിയുള്ള പശ്ചാത്തലത്തില്‍ ഇന്നത്തെ തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്താനാണ സാധ്യത.