ദുരന്തബാധിതര്‍ക്ക് ജീവിത വരുമാനം കണ്ടെത്താനുള്ള പദ്ധതികളും പുനരധിവാസ പാക്കേജില്‍ ഉണ്ടാകണം ; കെ സുധാകരന്‍
വയനാട് പുനരധിവാസ പദ്ധതി ഫലപ്രദവും സുതാര്യവുമായി നടപ്പാക്കുന്നതിനായി പ്രതിപക്ഷ എംഎല്‍എമാരെയും വിദ്ഗധരെയും ഉള്‍പ്പെടുത്തി ഉന്നതല വയനാട് പുനരധിവാസ സമിതിക്ക് രൂപം നല്‍കാൻ സർക്കാർ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍,വിദ്യാര്‍ത്ഥികള്‍,വയോധികര്‍ എന്നിവരെയെല്ലാം മുന്നില്‍ കണ്ടുള്ള പുനരധിവാസത്തിന് മാതൃകപരമായ രൂപരേഖ തയ്യാറാക്കണം. കൂറെ വാഗ്ദാനങ്ങള്‍ മാത്രം പോര, അവ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും അതില്‍ ഒരുവിധത്തിലുള്ള വീഴ്ച ഉണ്ടാകുന്നില്ലെന്നും സമിതിക്ക് നിരീക്ഷിക്കാന്‍ കഴിയണം.
ദുരന്തബാധിതരായ ഓരോ കുടുംബവും നാളിതുവരെ ജീവിച്ചുവന്നിരുന്ന സാഹചര്യങ്ങളും ചുറ്റുപാടുകളും പഠിച്ച് അതനുസരിച്ചുള്ള പുനരധിവാസ പദ്ധതി ആവിഷ്‌കരിക്കുന്നതാണ് ഉചിതം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കുന്നതിന് തടസ്സമാകുന്ന നിയമവശങ്ങള്‍ ലഘൂകരിക്കാനും നടപടിയുണ്ടാകണം. സര്‍ക്കാരിന്റെ കണക്കനുസരിച്ച് 138 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അന്തിമ പട്ടികയില്‍ ഈ സംഖ്യ ഇനിയും കൂടിയേക്കാം. കണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ നടത്തുന്നതില്‍ വീഴ്ചയുണ്ടാകരുത്. പുനരധിവാസം സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമെന്ന മട്ടിലല്ല, മറിച്ച് ദുരിതബാധിര്‍ക്കുള്ള അവകാശമാണെന്ന ബോധ്യത്തെടെയാണ് കൈകാര്യം ചെയ്യേണ്ടത്. ദുരന്തബാധിതര്‍ക്ക് ജീവിത വരുമാനം കണ്ടെത്താനുള്ള മാതൃകാ പദ്ധതികളും പുനരധിവാസ പാക്കേജില്‍ നിർബന്ധമായും ഉണ്ടാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.