കാണാതായർവർക്കായി മുണ്ടക്കൈ മേഖലയിൽ ഇന്ന് ജനകീയ തിരച്ചിൽ

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തി ജനകീയ തിരച്ചില്‍ ഇന്ന്. രാവിലെ ആറ് മണി മുതല്‍ 11 മണി വരെയാണ് തിരച്ചില്‍ നടത്തുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ 190 പേര്‍ തിരച്ചലില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും കഴിഞ്ഞ ദിവത്തെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ സംഘത്തിനൊപ്പം ഇവരും തിരച്ചലില്‍ പങ്കാളികളാവും. രാവിലെ തുടങ്ങി വൈകിട്ട് വരെ തിരച്ചില്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം 11 മണിക്ക് അവസാനിപ്പിക്കും.

ആവശ്യമെങ്കില്‍ മറ്റൊരു ദിവസം ജനകീയ തിരച്ചില്‍ തുടരുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണുള്ളത്. ഇവരില്‍ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റും കഴിയുന്നവരുടെ അടിയന്തര പുനരധിവാസത്തിനായി 27 പിഡബ്ല്യുഡി ക്വാര്‍ട്ടേഴ്‌സുകളും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ ക്വാര്‍ട്ടേഴ്‌സുകളും സ്വകാര്യ വ്യക്തികളുടെ വീടുകളും ഉള്‍പ്പെടെ നൂറോളം കെട്ടിടങ്ങള്‍ സജ്ജമായിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

ഇവയുടെ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളും ശുചീകരണ പ്രവൃത്തികളും യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. ദുരന്തമേഖലകളിലെ രക്ഷാ- തിരച്ചില്‍ ദൗത്യത്തിനു ശേഷം മടങ്ങുന്ന സൈനികര്‍ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പാണ് വ്യാഴാഴ്ച നല്‍കിയത്. ഡൗണ്‍സ്ട്രീം തിരച്ചിലിനായുള്ള ടീം ഉള്‍പ്പെടെ 36 അംഗ സൈനിക സംഘം വയനാട്ടില്‍ തുടരും. ദുരന്തമേഖലയില്‍ എത്തിയതു മുതല്‍ മറ്റ് ദൗത്യ സംഘങ്ങള്‍ക്കൊപ്പം വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് സൈനികര്‍ നടത്തിയത്. അവര്‍ക്കുവേണ്ട എല്ലാ പിന്തുണയും നമുക്ക് നല്‍കാന്‍ സാധിച്ചു. സര്‍ക്കാരില്‍ നിന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നും ജനങ്ങളില്‍ നിന്നും ലഭിച്ച പിന്തുണയിലും സ്‌നേഹത്തിലും ഏറെ സന്തുഷ്ടരായാണ് സൈനികര്‍ തിരികെ പോയത്. രക്ഷാ-തിരച്ചില്‍ ദൗത്യങ്ങളില്‍ ഒറ്റ മനസ്സും ശരീരവുമായി പ്രവര്‍ത്തിച്ച സൈനികരുള്‍പ്പെടെയുള്ള എല്ലാവരെയും കേരള ജനതയ്ക്കു വേണ്ടി അഭിവാദ്യം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.

സണ്‍റൈസ് വാലി ഉള്‍പ്പെടെയുള്ള മേഖലകളില്‍ തിരച്ചില്‍ തുടരുമെന്നും മന്ത്രി അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി ഇതിനകം നാലായിരത്തിലേറെ കൗണ്‍സലിംഗ് സെഷനുകള്‍ നല്‍കാനായി. വ്യാഴാഴ്ച മാത്രം 368 പേര്‍ക്കാണ് കൗണ്‍സലിംഗ് നല്‍കിയത്. വരുംദിവസങ്ങള്‍ കൗണ്‍സലിംഗ് നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ക്യാമ്പുകളിലെ കുട്ടികള്‍ക്കു വേണ്ടിയുള്ള കളിപ്പാട്ടങ്ങളും വായനാ പുസ്തകങ്ങളും വിദ്യാര്‍ഥികള്‍ക്കുള്ള പഠന സാമഗ്രികളും ഉള്‍പ്പടെ എത്തിച്ചുനല്‍കാനായതായും മന്ത്രി പറഞ്ഞിരുന്നു.

ദുരന്തമേഖലയിൽ ഇന്ന് നടക്കാൻ പോകുന്ന തിരച്ചിൽ ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ജനകീയ തിരച്ചിലായിരിക്കുമെന്ന് ഇന്നലെ റിപ്പോർട്ടർ ടിവിയിലൂടെ മന്ത്രി കെ രാജൻ വ്യക്തമാക്കിയിരുന്നു. പ്രദേശത്തെ ജനങ്ങളെയും കണ്ടുകിട്ടാനുള്ളവരുടെ ബന്ധുക്കളെയും ഒപ്പം ചേർത്താണ് തിരച്ചിൽ നടത്തുക. റിപ്പോര്‍ട്ടർ ടിവിയും ഒപ്പം ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആര്‍മി ഉള്‍പ്പെടെയുള്ള എല്ലാ സേനാഗങ്ങളും തിരച്ചിലിനുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ജനകീയ തിരച്ചിലാണ് നടത്തുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

About The Author