വയനാട് ദുരന്തം; സ്വമേധയായെടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയായെടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ ,വി.എം.ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളുടെയും മറ്റും അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇന്നലെ സ്വമേധയാ കേസ് എടുത്തത്.
.
ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് സർക്കാരിനോട് ഹൈക്കോടതി ഇന്നലെ ആരാഞ്ഞിരുന്നു .
കേരളത്തിൻ്റെ ചില പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലകളാണ് ഇവിടെ സുസ്ഥിര വികസന മടക്കം സാധ്യമാണോ എന്ന കാര്യത്തിൽ പുനർവിചിന്തനം അനിവാര്യമായ ഘട്ടമാണിതെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.
ഈ കാര്യങ്ങളിൽ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ആവശ്യമെങ്കിൽ പൊളിച്ചെഴുതണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. കൂടാതെ വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപര്യഹർജിയും ഇതേ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്.