ഓണം ഖാദി മേളയും നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമും ഉദ്ഘാടനം ചെയ്തു
കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദി മേള-2024 ന്റെ ജില്ലാതല ഉദ്ഘാടനവും ഖാദി ടവറിൽ പ്രവർത്തിക്കുന്ന ആധുനിക രീതിയിൽ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിന്റെ ഉദ്ഘാടനവും സഹകരണം, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ഈ സർക്കാരിന്റെ കാലഘട്ടത്തിൽ ഖാദിക്ക് പുതുജീവൻ നൽകാൻ സാധിച്ചെന്നും ഇപ്പോൾ ഖാദിയുടെ സുവർണ കാലഘട്ടമാണെന്നും മന്ത്രി പറഞ്ഞു. ഉത്പന്നങ്ങളുടെ വൈവിധ്യ വത്കരണത്തിലും ഉപഭോക്താക്കൾക്ക് സ്വീകാര്യമായ രീതിയിലും ആകർഷകമായ ഉത്പന്നങ്ങൾ വിപണിയിലിറക്കാൻ ഖാദി ബോർഡിന് കഴിഞ്ഞത് അഭിനന്ദനാർഹമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
മഹാത്മ ഗാന്ധിയുടെ ഛായാചിത്ര അനാച്ഛാദനവും നൂതന ഖാദി ഉത്പന്നങ്ങൾ വിപണിയിലിറക്കലും രജിസ്ട്രേഷൻ, മ്യൂസിയം പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രങ്ങൾ ധരിക്കാൻ തീരുമാനമെടുത്ത പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഖാദി ഉത്പന്നങ്ങൾ മന്ത്രി ചടങ്ങിൽ കൈമാറി.
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തിൽ മരിച്ചവർക്കും അന്തരിച്ച പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്കും ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തി.
കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ആദ്യവിൽപന നടത്തി. സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. ഖാദി വസ്ത്രങ്ങൾക്ക് കമ്പ്യൂട്ടറിന്റെ സഹായത്താൽ ഡിസൈൻ നൽകാൻ സാധിക്കുന്ന ഇലക്ട്രോണിക് ജക്കാർഡ് ജില്ലാ പഞ്ചായത്ത് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കൈമാറിയതായി യോഗത്തിൽ പ്രസിഡണ്ട് അറിയിച്ചു.
വെള്ളോറ വനിതാ സഹകരണ സംഘം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവന സംഘത്തിന്റെ പ്രസിഡണ്ട് സത്യഭാമയിൽ നിന്ന് മന്ത്രി വി എൻ വാസവൻ ചടങ്ങിൽ സ്വീകരിച്ചു.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് ഓണം ഖാദിമേള ആഗസ്റ്റ് എട്ടു മുതൽ സെപ്റ്റംബർ 14 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ചടങ്ങിൽ മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ സി സോമൻ നമ്പ്യാർ, സുരേഷ് ബാബു എളയാവൂർ, എം പ്രകാശൻ മാസ്റ്റർ, റഷീദ് കവ്വായി, താവം ബാലകൃഷ്ണൻ, അഡ്വ എം പി മുഹമ്മദലി, ടി സി മനോജ്, ജോയി കൊന്നക്കൽ, കെ ജി ജയ പ്രകാശ്, കെ പി അനിൽകുമാർ, അഡ്വ റോജസ് സെബാസ്റ്റ്യൻ, ഹമീദ് ചെങ്ങളായി, പി സി അശോകൻ, കെ വി രാജേഷ് എന്നിവർ സംസാരിച്ചു.