വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ എസ്എസ്എൽസി മാർക്ക് വിവരം വെളിപ്പെടുത്തും; പൊതുവിദ്യാഭ്യാസ വകുപ്പ്
വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ എസ്എസ്എൽസി പരീക്ഷയുടെ മാർക്ക് വിവരം വെളിപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമാകും മാര്‍ക്ക് വെളിപ്പെടുത്തുക. പരീക്ഷാഫലം പ്രഖ്യാപിച്ച് മാസങ്ങൾക്കുള്ളിൽ മാർക്ക് വിവരം ആവശ്യപ്പെട്ടുകൊണ്ട് നിരവധി അപേക്ഷകൾ വരുന്ന സാഹചര്യമാണ് നിലവിലുളളത്. സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടർ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികളിൽ നിന്നും വിവിധ സ്കോളർഷിപ്പുകൾക്കും ഇന്ത്യൻ ആർമിയുടെ അഗ്നിവീർ പോലെ തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കും മാർക്ക് വിവരം നേരിട്ട് നൽകേണ്ടതുണ്ട്.
ഈ സാഹചര്യത്തിലാണ് എസ്എസ്എൽസി പരീക്ഷയിൽ ലഭിച്ച മാർക്ക് വിവരം പരീക്ഷാർഥികൾക്ക് നേരിട്ട് നൽകുന്നതിന് നിലവിലുള്ള നിബന്ധനയിൽ ഇളവ് വരുത്തിയത്. എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500 രൂപയുടെ ഡിഡി സഹിതം പരീക്ഷാ ഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. പരീക്ഷാർഥികൾക്ക് മാർക്ക് വിവരങ്ങൾ നൽകുന്നതിനുള്ള അനുമതി പരീക്ഷാ കമ്മീഷണർക്ക് നൽകി.