വഖഫ് ഭേദഗതിബില്‍ ഇന്ന് ലോക്സഭയില്‍; രാഷ്ട്രീയ നീക്കമെന്ന് പ്രതിപക്ഷം, പ്രതിഷേധം
വഖഫ് ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ബില്ലിന്റെ കോപ്പികൾ ഇന്നലെ പാർലമെന്റ് അംഗങ്ങൾക്ക് വിതരണം ചെയ്തു. വഖഫ് ബോര്‍ഡിന്റെ അധികാരങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതാണ് പുതിയ വഖഫ് ബില്‍. ഭേദഗതിയുടെ ഉദ്ദേശം രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇന്ത്യ മുന്നണി ഘടകകക്ഷികളും ബില്ലിനെ പാർലമെന്റിൽ എതിർക്കും.
വഖഫ് സ്വത്താണെന്ന് സംശയിക്കുന്നവയിൽ സർവേ നടത്താനുള്ള അധികാരം കളക്ടർക്ക് നൽകുകയും ബോർഡുകളിൽ മുസ്ലിം ഇതരരെയും സ്ത്രീകളെയും ഉൾപ്പെടുത്തുന്നതുൾപ്പെടെ 44 ഭേദഗതികളടങ്ങുന്ന ബില്ലാണ് അവതരിപ്പിക്കുന്നത്. ഭേദഗതികള്‍ക്ക് കഴിഞ്ഞദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. ഏതു ഭൂമിയും വഖഫ് ഭൂമിയാണെന്ന് അവകാശവാദം ഉന്നയിച്ച് കണ്ടുകെട്ടാനുള്ള അധികാരങ്ങള്‍ പുതിയ ബില്ലില്‍ നഷ്ടമാകും. വഖഫ് ബോര്‍ഡ് ഏതെങ്കിലും ഭൂമിയില്‍ അധികാരം ഉന്നയിച്ചാല്‍ അത് അനുനുവദിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും പരിശോധനകളുണ്ടാകും.
2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വഖഫ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി വഖഫ് ബോര്‍ഡിന് കൊണ്ടുവന്ന അധിക അവകാശങ്ങള്‍ പുതിയ ഭേദഗതികളോടെ ഇല്ലാതാകും.