മുണ്ടക്കൈയിലെ ‘കുടിയേറ്റ’ പരാമർശത്തിൽ കേന്ദ്രമന്ത്രിക്കെതിരെ മുഖ്യമന്ത്രി

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഭുപേന്ദര്‍ യാദവ് നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തബാധിതരെ മന്ത്രി അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. സാധാരണഗതിയില്‍ പ്രതീക്ഷിക്കാന്‍ കഴിയാത്ത പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പാവപ്പെട്ട എസ്റ്റേറ്റ് തൊഴിലാളികള്‍ കുടിയേറ്റക്കാരാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. മലയോര മേഖലയിലുള്ളവരെ കുടിയേറ്റക്കാരെന്ന ഒറ്റ അച്ചില്‍ ഒതുക്കുന്നത് ഔചിത്യമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു.

കാണാതായവരെ കണ്ടെത്താന്‍ സാധ്യതകളൊന്നും ബാക്കിനിര്‍ത്താതെയുള്ളതെരച്ചിലാണ് ഇതുവരെയും നടത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.ഇതിന്റെ ഭാഗമായി ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ ഉരുള്‍ജലപ്രവാഹത്തിന്റെ വഴികളിലൂടെയുള്ള ഊര്‍ജിതമായ തെരച്ചിലും നിരീക്ഷണവും ഇന്നും നടക്കുകയാണ്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തും സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്ല്, നിലമ്പൂര്‍ വരെ ചാലിയാര്‍ കേന്ദ്രീകരിച്ചുമാണ് ഇന്ന് തെരച്ചില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരിതാശ്വാസനിധിയ്‌ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ മുഖ്യമന്ത്രി പൂര്‍ണമായും തള്ളി. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ ജൂലൈ 30 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂലൈ 30 മുതല്‍ ഇന്നലെ വൈകുന്നേരം 5 മണി വരെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് അന്‍പത്തിമൂന്ന് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി അന്‍പത്തിരണ്ടായിരത്തി തൊള്ളായിരത്തി നാല്‍പത്തി രണ്ട് രൂപയാണ് (. പോര്‍ട്ടല്‍ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സിഎംഡിആര്‍എഫ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളത്. അതില്‍ 2018 ആഗസ്ത് മുതല്‍ ലഭിച്ച തുകയും ജൂലൈ 30 ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക് / ഡ്രാഫ്റ്റ് / നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

About The Author