ഹിമാചലിലെ പ്രളയക്കെടുതിയിൽ 16 മരണം, 37 പേരെ കാണാനില്ല; ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം ഊർജിതം
പ്രളയക്കെടുതി ബാധിച്ച ഹിമാചലിലും ഉത്തരാഖണ്ഡിലും രക്ഷാപ്രവർത്തനം ഊർജിതം. ഉത്തരാഖണ്ഡിൽ വ്യോമസേനയുടെ സഹായത്തോടെ നിരവധി പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ഹിമാചലിൽ മരണം 16 ആയി. 37 പേരെ കാണാനില്ല.സംസ്ഥാനങ്ങളിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത.
ഹിമാചൽ പ്രദേശിൽ മേഘ വിസ്ഫോടനം ഉണ്ടായ സമേജ് ഗ്രാമത്തിൽ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. വരുന്ന ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിൽ ദ്രുതഗതിയിലാണ് ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നത്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഹിമാചലിൽ 85 റോഡുകളാണ് അടച്ചിട്ടത്. പലയിടങ്ങളിലും ജല-വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഉത്തരാഖണ്ഡ് മേഘവിസ്ഫോടനത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 201 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ഹെലികോപ്റ്റർ സഹായത്തോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ അവിശ്യസാധനങ്ങളും എത്തിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വരുന്ന ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.