ആറളത്തെ ആനമതിൽ തകർന്നു; പ്രദേശവാസികൾ ആശങ്കയിൽ
കഴിഞ്ഞ ആഴ്ചയിലെ കനത്ത മഴയിലും ആറളം വനമേഖലയിൽ ഉണ്ടായ ഉരുൾ പൊട്ടലിലും ചീങ്കണ്ണിപ്പുഴയിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്ന ആന മതിൽ പ്രദേശവാസികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. ആറളം വന്യജീവിസങ്കേതത്തെ വേർതിരിക്കുന്ന ആന മതിലാണ് മലവെള്ളപ്പാച്ചലിൽ പലയിടങ്ങളിലായി തകർന്നു വീണത് . ഇതുമൂലം കാട്ടാനകളുടെ കടന്നുകയറ്റം ഉണ്ടാകുമോ എന്ന ഭീതിയിലാണ് കർഷകർ.
ഉരുൾപൊട്ടലിനെ തുടർന്ന് കുത്തിയൊഴുകിയെത്തിയ വെള്ളം ആന മതിലും കടന്നു മറിഞ്ഞാണ് ഒഴുകിയത്. വെള്ളപ്പൊക്കത്തിൽ ആറളം ആന മതിൽ അഞ്ചിടങ്ങളിലാണ് തകർന്നത്. മുട്ടുമാറ്റി മലയോരപാതയോട് ചേർന്നു രണ്ടിടങ്ങളിലും, വാളുമുക്കിൽ മൂന്നിടങ്ങളിലുമാണ് മതിൽ തകർന്നത്. ആനകൾ ഉൾപ്പെടെ വന്യ ജീവികൾ കൃഷിയിടങ്ങളിൽ കടക്കാതിക്കാൻ നിർമ്മിച്ച മതിൽ ഉടൻ പുനർനിർമ്മിച്ചില്ലെങ്കിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുമെന്നാണ് കർഷകരുടെ ആശങ്ക.
ആന മതിൽ ഉള്ളപ്പോൾ പോലും പുഴ കടന്നും ആന മതിലും, തൂക്ക് വൈദ്യുതി വേലി തകർത്തും കാട്ടാനകൾ ജനവാസ പ്രദേശങ്ങളിൽ കടന്ന് കാർഷിക വിളകൾ നശിപ്പിച്ച സംഭവങ്ങളുണ്ട്. അപ്പോൾ ആന മതിൽ പൊളിഞ്ഞ് കിടക്കുമ്പോഴുണ്ടാകാവുന്ന അവസ്ഥ കർഷകർക്ക് ഊഹിക്കാൻ പോലുമാവില്ല. ആറളം ഫാമിൽ ആന മതിൽ നിർമ്മാണം ആരംഭിച്ചത് മുതൽ ഫാമിലും, പുനരധിവാസ മേഖലയിലും തമ്പടിച്ചിട്ടുള്ള എഴുപതോളം കാട്ടാനകളെയാണ് വനത്തിലേക്ക് തുരത്തിയത്. ഇപ്പോൾ ഈ കാട്ടാനകൾ വനാതിർത്തികളിലും ചീങ്കണ്ണിപ്പുഴയോരത്തുമാണ് തമ്പടിച്ചിട്ടുള്ളത്. ഇവ ഏത് നിമിഷവും ആന മതിൽ തകർന്ന ഭാഗത്ത് കൂടി ജനവാസ മേഖലയിലേക്ക് പ്രവേശിക്കുമെന്ന ഭീതിയിലാണ് വനാതിർത്തിയിലെ ഗ്രാമവാസികൾ.
തകർന്ന ആന മതിൽ പുനർനിർമ്മാണം നടത്തും വരെ താൽകാലിക പരിഹാരമായി തൂക്ക് വൈദ്യുതി വേലി സ്ഥാപിക്കുകയും, നിരീക്ഷണത്തിനായി വനപാലകരെ നിയമിക്കണമെന്നും കർഷകരും, കർഷക സംഘടനകളും ആവശ്യപെടുന്നു.