ഓണം ഖാദി മേള-2024, നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂം ഉദ്ഘാടനം എട്ടിന്

ഓണം ഖാദി മേള-2024 ന്റെ ജില്ലാതല ഉദ്ഘാടനവും ഖാദി ടവറിൽ പ്രവർത്തിക്കുന്ന ആധുനിക രീതിയിൽ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിന്റെ ഉദ്ഘാടനവും ആഗസ്റ്റ് എട്ട് രാവിലെ 11 മണിക്ക് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ സഹകരണം, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് ഓണം ഖാദിമേള ആഗസ്റ്റ് എട്ടു മുതൽ സെപ്റ്റംബർ 14 വരെയാണ് സംഘടിപ്പിക്കുന്നതെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


ഈ വർഷം 150 കോടി വിൽപ്പനയാണ് ബോർഡ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പയ്യന്നൂർ ഖാദി കേന്ദ്രം കണ്ണൂർ, കാസർകോട് ജില്ലകളിലായി 30 കോടി വിൽപനയാണ് ലക്ഷ്യമിടുന്നത്. ഓണം വിൽപ്പന 24 കോടി ലക്ഷ്യം വെക്കുന്നു. ഖാദി കുപ്പടം മുണ്ട്, വിവിധയിനം വെള്ള മുണ്ടുകൾ, കാവി മുണ്ടുകൾ സമ്മർകൂൾ ഷർട്ടുകൾ, ജുബ്ബ, ബെഡ്ഷീറ്റ്, ലേഡീസ് ടോപ്പ്, മസ്ലിൻ ഡബിൾ മുണ്ട്. മസ്ലിൻ ഷർട്ട് തുണിത്തരങ്ങൾ, പാന്റ്പീസ്, മസ്ലിൻ കോട്ടൻ സാരികൾ, ഉന്നക്കിടക്കകൾ എല്ലാം വിപണിയിൽ ലഭ്യമാണ്. കഴിഞ്ഞ വർഷം വിപണിയിലിറങ്ങിയ സുഷുപ്തി കിടക്കകൾക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ലോൺഡ്രി സർവ്വീസ്, ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ശരീരത്തിനിണങ്ങുന്ന വിധം വസ്ത്രങ്ങളുടെ ആൾട്ടറേഷൻ എന്നിവയുടെ സേവനം ഈ ഓണത്തിന് ഉപഭോക്താക്കൾക്ക് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ ലഭ്യമാക്കും.
സുഗന്ധവ്യഞ്ജനങ്ങൾ, തേൻ, എള്ളെണ്ണ, ചന്ദനത്തൈലം, ചൂരൽ ഉത്പന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഗ്രാമ വ്യവസായ ഉൽപന്നങ്ങളും ഷോറൂം നവീകരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഓണം ഖാദി മേളയുടെ ഭാഗമായി രാത്രി ഒമ്പത് മണി വരെ ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ വാങ്ങാം. മേളയുടെ ഭാഗമായി  ജില്ലാ തലത്തിൽ സമ്മാന പദ്ധതിയും  ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. 1000 രൂപക്ക് മുകളിൽ ഖാദി ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് സമ്മാന കൂപ്പണുകൾ ലഭിക്കും. ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് 5000 രൂപയുടെ ഖാദി ഉത്പന്നങ്ങൾ വാങ്ങാം. രണ്ടാം സമ്മാനത്തിന് അർഹരായവർക്ക് 3000 രൂപയുടെയും മൂന്നാം സ്ഥാനത്തിന് അർഹരായവർക്ക് 1000 രൂപയുടെയും ഖാദി ഉത്പന്നങ്ങൾ വാങ്ങാം. കൂടാതെ വസ്ത്രങ്ങൾക്ക് ഹോം ഡെലിവറി  സൗകര്യമുണ്ടാകും. ഫോൺ: 9446656566
വാർത്താ സമ്മേളനത്തിൽ പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ വി രാജേഷ്, കണ്ണൂർ പ്രോജക്ട് ഓഫീസർ ഷോളി ദേവസ്യ, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ വി ഷിബു,ജില്ലാ ഖാദി ഗ്രാമ വ്യവസായ  മാനേജർ കെ വി ഫറൂഖ് തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

About The Author