മലപ്പുറം പാണ്ടിക്കാട് നിപ കേസ്; ആറ് വവ്വാല്‍ സാമ്പിളുകളിൽ വൈറസിൻ്റെ ആൻ്റിബോഡി സാന്നിധ്യം കണ്ടെത്തി

നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിൻ്റെ ആൻ്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ് ആൻ്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. പഴംതീനി വവ്വാലുകളില്‍ നിന്നെടുത്ത 27 സാമ്പിളുകളില്‍ ആറ് എണ്ണത്തിലാണ് ആൻ്റിബോഡി കണ്ടെത്തിയത്.

നിപ പ്രോട്ടോകോള്‍ പ്രകാരം ഇതുവരെ നടത്തിയ പരിശോധനകളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. ആകെ 472 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 21 ദിവസം ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 261 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നേരത്തെ നിപ ബാധിച്ച് മലപ്പുറം പാണ്ടിക്കടവ് സ്വദേശിയായ പതിനാലുകാരൻ ജൂലൈ 21ന് മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ജൂലൈ 31ന് പിന്‍വലിച്ചിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

About The Author