കൂടുതൽ സുരക്ഷിതമായ സ്ഥലം കണ്ടെത്തി ടൗൺഷിപ്പ് നിർമ്മിക്കും: പുനരധിവാസം മികച്ച രീതിയിൽ നടത്തും; CMDRF ചെവഴിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥൻ’; മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ, ചൂരൽമ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുങ്ങിപ്പോയവരെ രക്ഷിക്കുകയായിരുന്നു ആദ്യ ഘട്ടം. പരമാവധി ജീവനുകൾ രക്ഷിക്കുക എന്നതിനായിരുന്നു പ്രാധാന്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവൻ്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്തി രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ചാലിയാറിൽ നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 14042 പേർ താമസിക്കുന്നുണ്ട്. 148 മൃത ശരീരങ്ങൾ കൈമാറി. 206 പേരെ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ദുരന്തമേഖലയിലും ചാലിയാറിലും തെരച്ചിൽ തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്ന് ഡ്രോൺ ബെയ്സ്ഡ് റഡാർ എത്തുമെന്ന് അദ്ദേഹം അറിയിച്ചു.

പാലം നിർമ്മാണം പൂർത്തിയായതിന് ശേഷം കൂടുതൽ യന്ത്രങ്ങൾ ഉപയോഗിക്കാനായി. ആദ്യ ഘട്ടത്തിൽ രക്ഷാ പ്രവർത്തനം നടത്തിയത് ഫയർ ഫോഴ്സിന്റെ സിപ് ലൈൻ പാലത്തിലൂടെയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 66 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ഇതു സംസ്കരിക്കുന്നതിൻ്റെ ഉത്തരവാദിത്തം പഞ്ചായത്തുകൾക്കാണെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. മറഞ്ഞുപോയത് വലിയ ജനവാസമേഖലയാണ്. പുനരധിവാസം മികച്ച രീതിയിൽ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടുതൽ സുരക്ഷിതമായ സ്ഥലം കണ്ടെത്തി ടൗൺഷിപ്പ് നിർമ്മിക്കും. ഇത് അതിവേഗം പൂർത്തിയാക്കും. ദുരന്തത്തിൽ തകർന്ന വെള്ളാർ മല സ്കൂളിന് ബദൽ സംവിധാനം ഒരുക്കുമെന്ന മുഖ്യമന്ത്രി അറിയിച്ചു. വെള്ളാർ മല സ്കൂളിലെ പഠനത്തിനായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. അതിനായി വിദ്യാഭ്യാസമന്ത്രി വയനാട്ടിൽ എത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് നല്ല രീതിയിൽ സംഭാവന വരുന്നുണ്ടെന്നും സി.എം.ഡി.ആർ.എഫ് ചെവഴിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

About The Author