കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി ഉറപ്പാക്കും, സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് അത് ലഭ്യമാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍, വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, പട്ടികജാതി- പട്ടികവര്‍ഗ്ഗ പിന്നാക്ക വകുപ്പ് മന്ത്രി ഒ.ആര്‍ കേളു എന്നിവരടങ്ങിയതാണ് ഉപസമിതി. ശ്രീറാം സാംബശിവ റാവു, ഡോ.എ കൗശിഗന്‍ എന്നിവര്‍ സ്‌പെഷ്യല്‍ ഓഫീസര്‍മായി പ്രവര്‍ത്തിക്കും. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദുരന്ത സമയത്ത് എല്ലാവരും ഒരേ മനസ്സോടെയും ഗൗരവം ഉള്‍ക്കൊണ്ടുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മികച്ച സംതൃപ്തിയാണ് രേഖപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സേനാ വിഭാഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിതമായി നടത്തും. ചൂരല്‍ മലയില്‍ നിന്നും മുണ്ടക്കൈയിലേക്ക് താല്‍ക്കാലികമായി നിര്‍മ്മിക്കുന്ന ബെയ്ലി പാലം പൂര്‍ത്തിയാകുന്നതോടെ രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനാകും.

ദൗത്യശ്രമം കാര്യക്ഷമമാക്കാനും സാധിക്കും. മുണ്ടക്കൈ – ചൂരല്‍മല പ്രദേശങ്ങളിലെ പുനരധിവാസ പ്രക്രിയ ഫലപ്രദമായി നടപ്പാക്കും. നിലവില്‍ ആളുകളെ ക്യാമ്പുകളില്‍ തന്നെ താമസിപ്പിക്കേണ്ടി വരും. ക്യാമ്പുകളില്‍ കഴിയുന്നത് വ്യത്യസ്ത കുടുംബങ്ങളിലുള്ളവരാണ്. കുടുംബങ്ങളുടെ സ്വകാര്യത സൂക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ക്യാമ്പുകളില്‍ ഉറപ്പാക്കും. മാധ്യമ പ്രവര്‍ത്തകരും സന്ദര്‍ശകരുമടക്കം ആരെയും ക്യാമ്പിനകത്ത് പ്രവേശിപ്പിക്കില്ല. ക്യാമ്പിലുള്ളവരെ കാണാനെത്തുന്നവര്‍ക്ക് ഇതിനായി പ്രത്യേക സ്ഥലം ഏര്‍പ്പാടാക്കുമെന്നും അദ്ദേഹം അറിയിച്ചു.

About The Author