കേന്ദ്രം പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ
കേരളത്തിനു പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജൂലൈ 23ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ച ഉണ്ടായെന്നും ഷാ കുറ്റപ്പെടുത്തി. 20 സെന്റീമീറ്ററിലധികം മഴ പെയ്യാനും മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ആ മുന്നറിയിപ്പുകൾ കേരളം ഗൗരവമായി കാണണമായിരുന്നു.സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ അലംഭാവമുണ്ടായി. മുന്നറിയിപ്പുകൾ എന്തുകൊണ്ട് അവഗണിച്ചു എന്ന ചോദ്യവും അമിത് ഷാ ഉന്നയിച്ചു.
ജനങ്ങളെ എന്തുകൊണ്ട് മാറ്റിപ്പാർപ്പിച്ചില്ലെന്നും ഷാ ചോദിച്ചു. കേരളത്തിൽ നേരത്തെ പ്രളയം ഉണ്ടായിരുന്നു. കേരളത്തിനു പുറമേ പ്രളയ സാധ്യതയുള്ള മറ്റ് സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ് നൽകിയെന്നും അമിത് ഷാ പറഞ്ഞു.കേരളത്തിലേക്ക് ഒരാഴ്ച മുൻപ് എൻഡിആർഎഫ് സംഘത്തെ അയച്ചു. കേന്ദ്രത്തിനു വീഴ്ചയില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.