വയനാട് ഉരുൾപൊട്ടൽ ; മരണസംഖ്യ 51 ആയി; നിരവധി പേരെ കാണാതായി
മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 51 പേരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മേപ്പാടിയിലെ വിവിധ ആശുപത്രികളിലായി സൂക്ഷിച്ചിരിക്കുകയാണ്.70ഓളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു ആദ്യ ഉരുൾപൊട്ടൽ. പിന്നീട് 4.10ഓടെ വീണ്ടും ഉരുള്‍പൊട്ടി. ആകെ മൂന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായതായാണ് വിവരം.മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവും തകർന്നതോടെ സംഭവസ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
അതേസമയം ഏറെ നേരത്തേ പരിശ്രമത്തിനൊടുവില്‍ എന്‍ഡിആര്‍എഫ് സംഘം പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായി 11 മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്താനായത്.മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണ്. സൈന്യമെത്തി താൽക്കാലിക പാലം നിർമിക്കും.