അർജുനായി തിരച്ചിൽ; നദിക്കടിയിൽ മുങ്ങൽ വിദഗ്ദരുടെ തെരച്ചിൽ; ട്രക്ക് നാലാമത്തെ സ്പോട്ടിൽ
ഷിരൂരിലെ മണ്ണിടിച്ചിലിൽ കണാതായ അർജുനെയും ട്രക്കും കണ്ടെത്താനുള്ള ദൗത്യസംഘത്തിന്റെ പരിശോധന തുടങ്ങി. മുങ്ങൽ വിദഗ്ദർ അടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. പുഴയിലെ മൺതിട്ടയിൽ എത്തിയ സംഘം പിന്നീട് നദിയിൽ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗംഗാവാലി നദിയിൽ ഇറങ്ങിയത്. മൽസ്യത്തൊഴിലാളികളും സംഘത്തിലുണ്ട്.
അതേസമയം അർജുന്റെ ട്രക്ക് ഐബോഡ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പുഴയിൽ തുരുത്ത് രൂപപ്പെട്ടഭാഗത്ത് ഒരു സിഗ്നൽകൂടി ലഭിച്ചിരുന്നു. ഈ സ്ഥലത്ത് ട്രക്കുണ്ടെന്നാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. കരയിൽ നിന്ന് 132 മീറ്റർ ദൂരെയാണ് ട്രക്കുണ്ടെന്ന് സ്ഥിരീകരിച്ച സ്ഥലം.
ലോറി നേരത്തേയുണ്ടായിരുന്ന ഭാഗത്തുനിന്ന് തെന്നി നീങ്ങുകയാണെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്. ഭാഗികമായി തകർന്ന നിലയിലുള്ള ട്രക്ക് ചെളിയിൽ പുതഞ്ഞ നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം മനുഷ്യ സാനിദ്ധ്യം കണ്ടെത്താനായിട്ടില്ല.