നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നുവീണ് 18 മരണം; പൈലറ്റ് ഗുരുതരാവസ്ഥയിൽ
നേപ്പാളിൽ വിമാനപകടത്തിൽ 18 പേർ മരിച്ചു. യാത്രക്കാരായവരാണ് മരിച്ചവർ. 19 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ടു പേർ ജീവനക്കാരാണ്. പൈലറ്റിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി അപകട സ്ഥലം സന്ദർശിക്കും. അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി ഒലി സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്നും റിപ്പോർട്ട് തേടി.
യാത്രക്കാരിൽ 16 പേർ നേപ്പാൾ പൗരന്മാരാണ്. 18 പേർ മരിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് നേപ്പാൾആണ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തിൽ പറന്നുയരുന്നതിനിടെ ശൗര്യ എയർലൈൻസിൻ്റെ വിമാനം തകർന്നു വീഴുകയായിരുന്നു. പൊഖാറയിലേക്കുള്ള വിമനമാണ് അപകടത്തിൽപ്പെട്ടത്. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് അപകടം നടന്നത്.
റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തുകയായിരുന്നു വിമാനം. രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ പൈലറ്റ് എം.ആർ.ശാക്യയെ കാഠ്മണ്ഡു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടുചെയ്തു.