ബെംഗളൂരുവിന് ഡോപ്ലർ വെതർ റഡാർ; ഇനി കൃത്യതയേറിയ കാലാവസ്ഥാ പ്രവചനം സാധ്യമാകും
കൃത്യതയേറിയ കാലാവസ്ഥാ പ്രവചനം സാധ്യമാകുന്ന ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ബെംഗളൂരുവിൻ്റെ ആവശ്യത്തിന് കേന്ദ്രത്തിൻ്റെ പച്ചക്കൊടി. ബെംഗളൂരുവിന് പുറമേ സമീപ ജില്ലകൾക്കും ഗുണപ്രദമാകുന്ന ഡോപ്ലർ വെതർ റഡാറിന് കേന്ദ്രസർക്കാർ അനുമതി നൽകി. മിന്നൽ പ്രളയത്തെ തുടർന്ന് നഗരം കനത്ത സാമ്പത്തിക നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്ര ഭൗമശാസ്ത്ര, ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അനുമതി ലഭിച്ചത്.സി ബാൻഡ് ഡോപ്ലർ വെതർ റഡാറാണ് ബെംഗളൂരുവിന് ലഭിക്കുക. കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥാപിക്കുന്ന ഡോപ്ലർ വെതർ റഡാർ ഉപയോഗിച്ച് 250 കിലോമീറ്റർ പരിധിയിലെ കാലാവസ്ഥ നിരീക്ഷണം സാധ്യമാകും. ഈ വർഷം തന്നെ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കുമെന്ന് ശോഭ കരന്തലജെ എംപി അറിയിച്ചു.
ഇനി കാലാവസ്ഥ കൃത്യമായി പ്രവചിക്കാൻ കഴിയുയെന്ന് ശോഭ കരന്തലജെ എംപി എക്സിൽ കുറിച്ചു. നഗരത്തിൽ ഡോപ്ലർ റഡാർ സ്ഥാപിക്കുന്നതിന് കേന്ദ്രം പച്ചക്കൊടി കാട്ടി. മികച്ച കാലാവസ്ഥാ പ്രവചനത്തിനും പ്രകൃതി ദുരന്തങ്ങൾക്കുള്ള തയ്യാറെടുപ്പിനുമുള്ള ഒരു പ്രധാന ചുവടുവെപ്പാണിത്. പുതിയ റഡാർ കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങളും മുൻകൂർ മുന്നറിയിപ്പുകളും നൽകും. അടിസ്ഥാന സൗകര്യങ്ങളും സമ്പദ്‌വ്യവസ്ഥയും ജനങ്ങളുടെ ജീവിതവും സംരക്ഷിക്കുന്നതിൽ ഇത് നിർണായകമാണെന്നും എംപി പറഞ്ഞു.