കർണാടകയിലേക്ക് മന്ത്രിമാർ പോകാത്തത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥ; കെ സുരേന്ദ്രൻ

കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ഡ്രൈവർ അർജുന്റെ രക്ഷാപ്രവർത്തനത്തിലേക്ക് സംസ്ഥാന മന്ത്രിമാർ എത്താതിരുന്നത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാം ശരിയായ കുവൈറ്റിലേക്ക് പോകാൻ ബാഗുമായി വിമാനത്താവളത്തിലെത്തിയ മന്ത്രിമാർ എന്താണ് തൊട്ടപ്പുറത്ത് അർജുനെ രക്ഷിക്കാൻ പോകാത്തതെന്നും അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു.

അർജുന്റെ കാര്യത്തിൽ കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലുമുണ്ടായില്ലെന്നത് ഞെട്ടിക്കുന്നതാണ്. ഒരു മലയാളിക്ക് ഇത്രയും വലിയ ദുരവസ്ഥ വന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. കർണാടക സർക്കാർ വൈര്യനിര്യാതന ബുദ്ധിയോടെയാണ് ഇടപെട്ടത്. കർണാടക സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഇതിനിടെ കര്‍ണാടകയില്‍നിന്നുള്ള കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ദുരന്തമുണ്ടായ അങ്കോലയിലെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇവിടേക്ക് എത്തിയേക്കും. ഷിരൂരിലെ രക്ഷാ പ്രവർത്തനം ശരിയായ രീതിയിൽ. ദൗത്യത്തിൽ വീഴ്ചയില്ലെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു.

രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ സഹായം നൽകുംമെന്നും കുമാരസ്വാമി വ്യക്തമാക്കി. നേരത്തെ മൂന്നിടത്തുനിന്ന് റഡാറില്‍ സിഗ്നല്‍ ലഭിച്ചിരുന്നു. എന്നാല്‍, ഇത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.

അതേസമയം സൈന്യത്തിന്റെ സഹായം വേണമെന്നാണ് അർജുന്റെ കുടുംബം ആവശ്യപ്പെടുന്നത്. എട്ട് മണ്ണുമാന്തി യന്ത്രങ്ങള്‍ ഒരേസമയം പ്രവര്‍ത്തിക്കുന്നുണ്ട്. അര്‍ജുന്‍ അടക്കം മൂന്നുപേരെയാണ് കണ്ടെത്താനുള്ളത്. അങ്കോലയില്‍ റെഡ് അലേർട്ടാണ് നല്‍കിയിരിക്കുന്നത്.

About The Author