കർണാടകയിലെ മണ്ണിടിച്ചിലിൽ മലയാളിയെ കാണാതായ സംഭവത്തിൽ പ്രതികരണവുമായി ​ഗതാ​ഗത മന്ത്രി കെബി ഗണേഷ് കുമാർ

കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ മലയാളിയെ കാണാതായ സംഭവത്തിൽ പ്രതികരണവുമായി ​ഗതാ​ഗത മന്ത്രി കെബി ഗണേഷ് കുമാർ. കർണാടകയിലെ ഗതാഗതമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മലയാളി കുടുങ്ങിയെന്ന് അവർ അറിയുന്നത് ഇവിടുന്ന് പറയുമ്പോഴാണെന്ന് മന്ത്രി പറഞ്ഞു. എത്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു എന്ന് പോലും ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി ഗണേഷ് പറഞ്ഞു.

രാവിലെ ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു. രണ്ടു ദിവസമായി സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് അറിയിപ്പ് ഉള്ളതിനാലാണ് മാധ്യമങ്ങളെയും നാട്ടുകാരെയും അവിടേക്ക് കടത്തിവിടാത്തതെന്ന് മന്ത്രി പറഞ്ഞു.

കോഴിക്കോട് സ്വദേശി അർജുൻ എന്നയാളെ മൂന്ന് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്. അർജുൻ ഓടിച്ച ലോറി മണ്ണിനടിയിൽപ്പെട്ടതായി ബന്ധുക്കൾ ആശങ്ക പ്രകടിപ്പിക്കുന്നു. തുടർച്ചയായി അർജുനെ ഫോണിൽ ബന്ധപ്പെടുമ്പോൾ ഫോൺ റിങ് ചെയ്യുന്നുണ്ടെന്നും ആരും എടുക്കുന്നില്ലെന്നും അപകടം നടന്നയിടമാണ് ഫോണിന്റെ ലൊക്കേഷനായി കാണുന്നതെന്നും അർജുന്റെ ബന്ധുക്കൾ പറഞ്ഞു.

About The Author