പെരുമ്പാവൂർ കേസ്; പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ ഉറപ്പാക്കണമെന്ന് പെൺകുട്ടിയുടെ അമ്മ

പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് മാതാവ്. തന്റെ മകൾ അനുഭവിച്ച വേദനയ്ക്ക് നീതി ലഭിക്കണമെന്ന് നിയമവിദ്യാർത്ഥിനിയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതിയെ തൂക്കി കൊല്ലണമെന്ന് മാതാവ് പറഞ്ഞു. പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നും അതിന്റ ഭാഗമാണ് വധശിക്ഷ റദ്ദാക്കണമെന്ന ഹർജിയെന്നും മാതാവ് ആരോപിച്ചു. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മാതാവ് പറഞ്ഞു. ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചായിരുന്നു വധശിക്ഷക്ക് സ്റ്റേ അനുവദിച്ചത്. വിചാരണക്കോടതി നടപടി ശരിവച്ച കേരള ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരായി സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ വധശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസിൽ അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാൻ സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതിയും ശിക്ഷശരിവച്ചത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീലിലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പ്രസ്താവിച്ചിരുന്നത്.

About The Author

You may have missed