ശക്തമായ മഴ തുടരും; ഇന്ന് നാലുജില്ലകളിൽ ഓറഞ്ച് അലേർട്ട്; ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയുള്ള കാറ്റ് വീശാനും സാധ്യതയുണ്ട്. വയനാട്ടിലെ മുത്തങ്ങ വനമേഖലയിൽ വെള്ളക്കെട്ടിനെ തുടർന്ന് രാത്രി കുടുങ്ങിയവരെ പുറത്തെത്തിച്ചു .500 ഓളം പേരാണ് ദേശീയപാതയിൽ കുടുങ്ങിയത് . വെള്ളക്കെട്ടിൽപ്പെട്ട് കേടായ വാഹനങ്ങൾ പുറത്തു എത്തിക്കാൻ കഴിഞ്ഞിട്ടില്ല

നാളെ രാത്രി വരെ കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ തീരങ്ങളിൽ ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. അറബിക്കടലില്‍ ചക്രവാതചുഴിയും, വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായാണ് മഴ ശക്തമാകുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. ഇന്ന് രാത്രി പതിനൊന്നര വരെ കേരള തമിഴ്‌നാട് തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണം.

About The Author