ജോയിയുടെ അമ്മയ്ക്ക് ധനസഹായം നല്‍കണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ വീണുമരിച്ച ശുചീകരണത്തൊഴിലാളി എൻ ജോയിയുടെ അമ്മയ്ക്ക് ധനസഹായം നൽകണമെന്ന് റെയിൽവേയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ടണൽ റെയിൽവേയുടെ പരിധിയിലായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്. മാലിന്യനീക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് ആവശ്യമുന്നയിച്ചത്. മേലധികാരികളുമായി ഇക്കാര്യം കൂടിയാലോചിച്ച ശേഷം മറുപടി നൽകാമെന്ന് ഡിആർഎം മനീഷ് യോഗത്തിൽ മറുപടി പറഞ്ഞു. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് വിശ്വാസം. ആമയിഴഞ്ചാൻ കനാലിലെ മാലിന്യം നീക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.
മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും യോഗത്തിൽ തീരുമാനമായി. നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ കർശന നടപടിയുണ്ടാകും.
പൊലീസിന്റെയും നഗരസഭയുടെയും നിരീക്ഷണം ശക്തമാക്കും. പൊതുനിരത്തിൽ മാലിന്യം നിക്ഷേപിക്കുന്ന വാഹന രജിസ്ട്രേഷൻ റദ്ദാക്കും. അനധികൃതമായി മാലിന്യം ശേഖരിക്കുന്നവർക്കെതിരെയും നടപടിയെടുക്കും. പൊലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്ന 40 എ ഐ ക്യാമറകൾ സ്ഥാപിക്കും.
ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറിഗേഷൻ, കോർപ്പറേഷൻ, റെയിൽവേ എന്നീ മൂന്ന് വിഭാഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും.