ആമയിഴഞ്ചാൻ തോട് അപകടം; ‘ടണലിൽ അടിഞ്ഞത് റെയിൽവേ ഭൂമിയിലെ മാലിന്യം അല്ല’; ന്യായീകരണവുമായി റെയിൽവേ
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കുടുങ്ങി മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മരണം ദുഖകരമായ സംഭവമെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ ഡോ.മനീഷ് ധപ്ലിയാൽ. തോട് കടന്നു പോകുന്നത് റെയിൽവേ ഭൂമിയിലൂടെയാണെന്നും മാലിന്യം ധാരാളം ഒഴുകി എത്തുന്നുവെന്നും ഡോ.മനീഷ് ധപ്ലിയാൽ പറഞ്ഞു.
റെയിൽവേയിലെ ഉന്നതഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തി. നഗരസഭയും ജില്ലാ ഭരണകൂടവുമായും ചേർന്നു തുടർനടപടികൾ എടുക്കുമെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ വ്യക്തമാക്കി. റെയിൽവേ ഭൂമിയിലേക്ക് തോട് വരുന്ന സ്ഥലത്തു മാലിന്യം തടയാൻ വേലി വെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികമായി ചെയ്യാൻ കഴിയുന്നത് എല്ലാം ചെയ്യും.അടുത്തഘട്ടം എന്ത് വേണമെന്ന് ആലോചിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം മാലിന്യപ്രശ്നത്തിൽ റെയിൽവേയ്ക്ക് ഉത്തരവാദിത്തമല്ലെന്നു ഡോ.മനീഷ് ധപ്ലിയാൽ ആവർത്തിച്ചു.ടണലിൽ അടിഞ്ഞത് റെയിൽവേ ഭൂമിയിലെ മാലിന്യം അല്ല. തോട്ടിൽ ഒഴുകിയത്തിയ മാലിന്യമാണെന്നും അതിന്റെ ഉത്തരവാദിത്തം ഏജൻസികൾക്കാണെന്ന് അദ്ദേഹം പറഞ്ഞു. ജോയിയുടെ അപകടവുമായി ബന്ധപ്പെട്ടു വിശദമായ പരിശോധനകൾ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ നടത്തി വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുമ്പോഴും റെയിൽവേക്ക് അനുകൂല നിലപാടല്ല അതിനോടുള്ളത്. ജോയ് കരാർ തൊഴിലാളി ആണെന്നും ചില നിയമങ്ങൾ ഉണ്ടെന്നും അതിനു അനുസരിച്ചു മാത്രമേ കാര്യങ്ങൾ ചെയ്യാൻ കഴിയുകയുള്ളുവെന്നാണ് ഡിവിഷണൽ റെയിൽവേ മാനേജർ ഡോ.മനീഷ് ധപ്ലിയാൽ പറയുന്നത്.