വിലക്ക് ലംഘിച്ച് വെള്ളച്ചാട്ടത്തില്‍ നീരാട്ട്; സഞ്ചാരികളുടെ വസ്ത്രങ്ങളുമായി സ്ഥലംവിട്ട് പൊലീസ്

മഴക്കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികള്‍ക്ക് പൊലീസിന്റെ ‘മുട്ടന്‍പണി’. സഞ്ചാരികള്‍ അഴിച്ചിട്ട വസ്ത്രങ്ങളെടുത്ത് സ്ഥലംവിടുകയായിരുന്നു പൊലീസ്. കര്‍ണാടകയിലെ ചിക്ക്മഗളൂരുവിനടുത്തുള്ള മുദിഗെരെയിലാണു സംഭവം.

ശക്തമായ മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടം ഉള്‍പ്പെടെ നീരൊഴുക്കുള്ള സ്ഥലങ്ങളില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് വിലക്ക് ലംഘിച്ച് ഒരു സംഘം സഞ്ചാരികള്‍ മുദിഗെരെയിലെ ചാര്‍മാഡി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയത്. ഈ സമയത്ത് ഇതുവഴി വന്ന പൊലീസ് ആണ് കൗതുകമുണര്‍ത്തുന്ന ‘ശിക്ഷാനടപടി’ സ്വീകരിച്ചത്.

ഉദ്യോഗസ്ഥര്‍ വസ്ത്രങ്ങളെടുത്ത് പൊലീസ് ജീപ്പില്‍ കൊണ്ടുപോയി വയ്ക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പാതിവസ്ത്രത്തിലും അര്‍ധനഗ്നരായും പൊലീസിനു പിന്നാലെ എത്തി വസ്ത്രം തിരിച്ചുനല്‍കാന്‍ അപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍, പൊലീസ് ഇവരെ ശാസിച്ചുവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.

മോഡേണ്‍ പ്രശ്‌നങ്ങള്‍ക്ക് മോഡേണ്‍ പരിഹാരമെന്നാണ് ഒരു യൂസര്‍ എക്‌സില്‍ സംഭവത്തോട് പ്രതികരിച്ചത്. നിയമലംഘകരെ ശിക്ഷിക്കാനുള്ള ഒരു അഹിംസാ മാര്‍ഗമാണിതെന്ന് മറ്റൊരാള്‍ കുറിച്ചു. നമ്മുടെ സംരക്ഷണത്തിനു വേണ്ടിയാണ് പൊലീസ് ഇതു ചെയ്യുന്നതെന്നാണ് മറ്റൊരു യൂസര്‍ വിഡിയോയ്ക്കു താഴെ അഭിപ്രായപ്പെട്ടത്.

About The Author