സംസ്ഥാനത്ത് നാളെ മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് നാളെ മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് ഏർപ്പെടുത്തി. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നതിനാലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. 10 ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ട് തുടരുകയാണ്.

തിരുവനന്തപുരം കൊല്ലം പാലക്കാട് വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് തുടരുന്നത്. നാളെ മുതൽ ജൂലൈ 16 വരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയെക്കും. മലയോര തീരദേശ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി.

കേരളാ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയായതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

About The Author