മാലിന്യമുക്തം നവകേരളം നഗരസഭകൾക്ക് പ്രത്യേകകർമ്മ പദ്ധതി; ദ്വിദിന ശിൽപ്പശാല തുടങ്ങി

അടുത്ത ഒരു വർഷത്തിനകം ജില്ലയിലെ നഗരസഭകൾ മാലിന്യ സംസ്കരണ മേഖലയിൽ ലക്ഷ്യം കാണാനായി ഏറ്റെടുക്കേണ്ടുന്ന പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനുള്ള ദ്വിദിന ശില്പശാലക്ക് കണ്ണൂർ കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിൽ തുടക്കമായി.  കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ ശില്പശാല ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയരക്ടർ സെറീന റഹ് മാൻ അധ്യക്ഷത വഹിച്ചു.

ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മനോഭാവമാറ്റം ഉണ്ടാക്കലാണ് പ്രധാന ലക്ഷ്യമായി പരിഗണിക്കേണ്ടതെന്ന് ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് മേയർ പറഞ്ഞു.
ജില്ലയിലെ നഗരസഭാ സെക്രട്ടറിമാർ, ക്ലീൻ സിറ്റി മാനേജർമാർ, ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ, കില എന്നിവയുടെ റിസോഴ്സ് പേഴ്സൺമാർ ഹരിത കർമ്മസേനാ കൺസോർഷ്യം ഭാരവാഹികൾ എന്നിവരാണ് ജില്ലാതല ശിൽപശാലയിൽ പങ്കെടുക്കുന്നത്.

തദ്ദേശ ഭരണ വകുപ്പ്, കില , ഹരിത കേരളം മിഷൻ ശുചിത്വ മിഷൻ, കെ.എസ്. ഡബ്ല്യു. എം.പി., കുടുംബശ്രീ ,ക്ലീൻ കേരള കമ്പനി, എന്നിവയുടെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്. 2024- 25 വർഷത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനപരമായ ലക്ഷ്യമായി കണക്കാക്കിയിട്ടുള്ളത് സമ്പൂർണ്ണത, സുസ്ഥിരത, മനോഭാവം മാറ്റം എന്നിവയാണ്. അജൈവ മാലിന്യ ശേഖരണം പൂർണ്ണമാക്കി സുസ്ഥിരത നിലനിർത്തൽ, ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുന്നത് ഉറപ്പാക്കൽ, പൊതു ഇടങ്ങൾ മാലിന്യമുക്തമാക്കൽ, സാനിറ്ററി മാലിന്യം ഉൾപ്പെടെയുള്ള മറ്റു പ്രത്യേക മാലിന്യങ്ങൾക്ക് സംസ്കരണ സംവിധാനം ഒരുക്കൽ, ദ്രവമാലിന്യ സംസ്കരണ സംവിധാനത്തിനായുള്ള പൂർത്തീകരിക്കൽ എന്നിവയാണ് ലക്ഷ്യമിടുന്നത്.

About The Author