വിഴിഞ്ഞം തുറമുഖത്തിന്‍റെ ട്രയൽ റൺ ഇന്ന്; മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും

വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും ചേർന്ന് ഇന്ന് സ്വീകരിക്കും. തുറമുഖത്തിലെ യാർഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ഇന്നലെ എത്തിയ സാൻ ഫെർണാണ്ടൊ എന്ന കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ ഇറക്കിതുടങ്ങിയിരുന്നു. കപ്പൽ ഇന്നലെ എത്തിയെങ്കിലും ഇന്നാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാൾ, മറ്റു മന്ത്രിമാ‍ർ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് കപ്പലിനെ സ്വീകരിക്കും. അദാനി പോർട്സ്‌ സിഇഒ കരൺ അദാനിയും ചടങ്ങിനെത്തും.

എന്നാൽ ഇന്നത്തെ സ്വീകരണ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ വിമർശനമുയർന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. വിഴിഞ്ഞം ട്രയൽ റണ്ണിന്റെ ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിക്കില്ല. സ്ഥലം എംഎൽഎ എൻ വിൻസൻ്റ് ചടങ്ങിൽ പങ്കെടുക്കും.

ആദ്യ കപ്പലിലെ ക്യാപ്റ്റന് മുഖ്യമന്ത്രി ഉപഹാരം നൽകും. ചൈനയിലെ ഷിയാമിൻ തുറമുഖത്ത് നിന്ന് വിഴിഞ്ഞത്തെത്തിയ കപ്പലിൽ 2000ലധികം കണ്ടെയ്നറുകളാണുള്ളത്. ഇതുവരെ 500ഓളം കണ്ടെയ്നറുകൾ ബെർത്തിലേക്ക് ഇറക്കി കഴിഞ്ഞു. ഇന്ന് വൈകിട്ടോടെ സാൻ ഫെർണാൻഡോ യൂറോപ്പിലേക്ക് തിരിക്കും എന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകാനാണ് സാധ്യത.

കപ്പൽ പുറപ്പെട്ടു കഴിഞ്ഞാൽ മാരിൻ അസൂർ, സീസ്പാൻ സാൻഡോസ് എന്നിങ്ങനെ രണ്ട് ഫീഡർ വെസലുകൾ വിഴിഞ്ഞതെത്തും. രണ്ടുമാസം ട്രയൽറൺ തുടരുമെന്നും സെപ്തംബറോടെ തുറമുഖം കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്നുമാണ് സർക്കാരിന്റെയും അദാനി ഗ്രൂപ്പിന്റെയും പ്രതികരണം.

കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് ഇന്നലെ വിജയകരമായ ട്രയൽ റൺ നടന്നിരുന്നു. ഇതോടെ വിഴിഞ്ഞം തുറമുഖം ലോകത്തെ ചരക്ക് നീക്കങ്ങളുടെ ഭൂപടത്തിൽ പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെട്ടു. ചൈനയിൽ നിന്നുള്ള സാൻ ഫെർണാൻഡോ തീരം തൊട്ടതോടെയാണ് വിഴിഞ്ഞം കേരളത്തിൻ്റെയും രാജ്യത്തിൻ്റെയും സ്വപ്നതീരമായത്. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെൻ്റ് തുറമുഖമായി വിഴിഞ്ഞം മാറി. വിഴിഞ്ഞത്തെത്തുന്ന മദർഷിപ്പുകളിൽ നിന്ന് മറ്റ് ചെറു കപ്പലുകളിലേയ്ക്ക് ചരക്കുനീക്കം നടത്താൻ കഴിയുന്ന തുറമുഖങ്ങളാണ് ട്രാൻസ്ഷിപ്മെൻ്റ് തുറമുഖമായി അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി വിഴിഞ്ഞത്തിനുള്ള പ്രാധാന്യം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും വിഴിഞ്ഞം വഴിയുള്ള ചരക്ക് നീക്കത്തിന് കൂടുതൽ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

നേരത്തെ കരയടുക്കുന്നതിന് മുമ്പായി തന്നെ സാൻ ഫെർണാൻഡോയുടെ നിയന്ത്രണം വിഴിഞ്ഞം തുറമുഖം ഏറ്റെടുത്തിരുന്നു. പൈലറ്റ് തുഷാർ നിത്കറും സഹപൈലറ്റ് സിബി ജോർജ്ജുമായിരുന്നു കപ്പലിന്റെ നിയന്ത്രണമേറ്റെടുത്തത്. റഷ്യൻ സ്വദേശി ക്യാപ്റ്റൻ വോൾഡിമർബോണ്ട്‌ ആരെങ്കോയിൽ നിന്നായിരുന്നു കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഓഷ്യൻ പ്രസ്റ്റീജ് എന്ന ടഗ്ഗിലൂടെയാണ് പൈലറ്റ് കപ്പലിൽ കയറിയത്. കരയോട് അടുപ്പിക്കാനുള്ള മൂറിങ് 9.30നായിരുന്നു. കൂറ്റൻ വടം ഉപയോഗിച്ച് കപ്പലിനെ ബർത്തിൽ ബന്ധിപ്പിക്കുന്ന പ്രവർത്തനമാണ് മൂറിങ്. കപ്പൽ തീരംതൊടുമ്പോൾ മന്ത്രിമാരായ വി എൻ വാസവനും സജി ചെറിയാനും വിഴിഞ്ഞത്ത് സന്നിഹിതരായിരിന്നു.

7700 കോടി രൂപയുടെ പദ്ധതിയായാണ് വിഴിഞ്ഞ് ഒരുങ്ങുന്നത്. മൂന്നുമാസക്കാലം ഈ വിധം ട്രയൽറൺ തുടരും. ജൂലൈയിൽ തന്നെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ലോകത്തെ ഏറ്റവും വലിയ കപ്പലും വിഴിഞ്ഞെത്തുമെന്ന് അദാനി പോർട്സ് അറിയിച്ചു. പ്രകൃതി ഒരുക്കിയ സ്വഭാവികമായ അനുകൂല ഘടകങ്ങളാണ് വിഴിഞ്ഞത്തിൻ്റെ ഏറ്റവും വലിയ സവിശേഷതകളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അന്താരാഷ്ട്ര കപ്പൽപ്പാതയിൽ നിന്നും 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് വിഴിഞ്ഞം തുറമുഖം. കിലോമീറ്റർ ദൂരം കണക്കാക്കിയാൽ ഏതാണ്ട് 19 കിലോമീറ്റർ മാത്രം ദൂരം. ഡ്രെഡ്ജിങ്‌ നടത്താതെ തന്നെ ഏതാണ്ട് 20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ള ഇന്ത്യയിലെ ഏകതുറമുഖവും വിഴിഞ്ഞമാണ്. ഈ സ്വഭാവികമായ സാധ്യത ഉപയോഗിച്ച് കൂറ്റൻ കപ്പലുകൾക്ക് ഇവിടെ അടുക്കാൻ സാധിക്കും. ഏതാണ്ട് 24,000 ടിഇയുവിനു മുകളിൽ ഭാരം കയറ്റാവുന്ന കപ്പലുകൾക്ക് വിഴിഞ്ഞം തീരത്ത് അടുക്കാനാവും.

About The Author