നീറ്റ് വിവാദം; ചോദ്യപേപ്പർ ചോർന്നെന്ന് സമ്മതിച്ച് കേന്ദ്രം; പരിക്ഷാ വീഴ്ചകളിൽ അതൃപ്തി വ്യക്തമാക്കി സുപ്രിം കോടതി

നീറ്റ് പരീക്ഷ ക്രമക്കേടിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. രൂക്ഷ വിമർശനങ്ങളാണ് സുപ്രീം കോടതി എൻ ടി എക്ക്നേരെ ഉന്നയിച്ചത്. ക്രമക്കേടിന്റെ ഗുണഭോക്താക്കളായ വിദ്യാര്‍ഥികളെ കണ്ടെത്താന്‍ പറ്റിയില്ലെങ്കില്‍ പരീക്ഷ റദ്ദാക്കേണ്ടി വരും. പരീക്ഷ റദ്ദാക്കിയാല്‍ 24 ലക്ഷം വിദ്യാര്‍ഥികളെ ബാധിക്കും. അത് അങ്ങേയറ്റത്തെ തീരുമാനമാകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സംഭവിച്ച കാര്യങ്ങള്‍ സ്വയം നിഷേധിക്കരുതെന്നും എന്‍ടിഎയോട് സുപ്രീംകോടതി പറഞ്ഞു.

പുനഃപരീക്ഷ ആവശ്യപ്പെടുന്ന എല്ലാ ഹര്‍ജിക്കാരും ചേര്‍ന്ന് ഒറ്റ അപേക്ഷ നൽകണം. എന്തുകൊണ്ട് പുനഃപരീക്ഷ ആവശ്യപ്പെടുന്നുവെന്ന് വ്യക്തമാക്കണം. ഇതിന്റെ മറുപടി പരിശോധിച്ച ശേഷം ബുധനാഴ്ച പറയണമെന്നും കോടതി നിർദേശിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച പരീക്ഷയെ മുഴുവന്‍ ബാധിച്ചിട്ടുണ്ടോ. ക്രമക്കേട് നടത്തിയവരെ തിരിച്ചറിയാന്‍ കഴിയുമോ. ചോദ്യപേപ്പര്‍ ചോര്‍ച്ച പട്നയില്‍ മാത്രം ഒതുങ്ങുന്നതാണോ എന്ന് വിശദമായി പരിശോധിക്കണം. പട്ന, ദില്ലി, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത് വ്യാപകമായ ക്രമക്കേടാണ് സൂചിപ്പിക്കുന്നത്.

വ്യവസ്ഥാപിത തലത്തില്‍ ലംഘനം നടന്നിട്ടുണ്ടോ. ക്രമക്കേട് മുഴുവന്‍ പരീക്ഷാ പ്രക്രിയകളെയും ബാധിച്ചിട്ടുണ്ടോ. വഞ്ചനയുടെ ണഭോക്താക്കളെ കണ്ടെത്താനാകുമോ. കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പുനപരീക്ഷ വേണ്ടി വരുമെന്ന് സുപ്രീംകോടതി പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്ന തിയതി വ്യക്തമാക്കണം, ചോദ്യപേപ്പറുകള്‍ പ്രചരിപ്പിച്ച തിയതികള്‍ വ്യക്തമാക്കണം, ചോര്‍ച്ചയും പരീക്ഷ നടന്ന സമയം തമ്മിലുള്ള ദൈര്‍ഘ്യം വ്യക്തമാക്കണം എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരണം നൽകാനാണ് എൻ ടി എക്ക് ഒരു ദിവസം സമയം നൽകിയിരിക്കുന്നത്. ഹര്‍ജിക്കാര്‍ക്ക് എതിരല്ലെന്നും കോടതിയെ നിസ്സംഗതയോടെ സഹായിക്കുമെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു. നീറ്റ് പരീക്ഷ വിഷയം പഠിക്കാന്‍ വിദഗ്ധ സമിതി വേണ്ടി വന്നേക്കുമെന്നും കോടതി പറഞ്ഞു.

About The Author