‘വാക്കുതർക്കവും ഭീഷണിയും പതിവ്; ആക്രമിക്കില്ലെന്ന് ഉറപ്പു ലഭിച്ചാൽ വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കും’: KSEB

കോഴിക്കോട് തിരുവമ്പാടിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ ഉപാധിവെച്ച് കെഎസ്ഇബി. തിരുവമ്പാടിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തിലാണ് കെഎസ്ഇബി ഉപാധി വെച്ചത്. ഇനി ജീവനക്കാരെ മര്‍ദ്ദിക്കില്ലെന്ന ഉറപ്പുനല്‍കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. ഉറപ്പ് കിട്ടിയാല്‍ വൈദ്യുതി പുനസ്ഥാപിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് കെഎസ്ഇബി നിര്‍ദേശം നല്‍കി. ഓഫീസ് ആക്രമണത്തില്‍ നിയമനടപടി തുടരുമെന്നും കെഎസ്ഇബി ചെയര്‍മാന്‍&മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

തിരുവമ്പാടി സെക്ഷന്‍ ഓഫീസ് ആക്രമണം സംബന്ധിച്ച കെ എസ് ഇ ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുടെ പ്രസ്താവന

കെ എസ് ഇ ബി ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാല്‍ പ്രസ്തുത ഭവനത്തിലെ വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ ബഹു. വൈദ്യുതി വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ ഒരു ഉറപ്പ് ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥരെ തിരുവമ്പാടിയിലേക്കയക്കാന്‍ കോഴിക്കോട് ജില്ലാകളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആക്രമിച്ചയാളുടെ പിതാവിന്റെ പേരില്‍ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളത്. അതില്‍ പത്തെണ്ണം കൊമേഷ്യല്‍ കണക്ഷനാണ്. സ്ഥിരമായി വൈദ്യുതി ബില്‍ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഡിസ്‌കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതര്‍ക്കവും ഭീഷണിയും പതിവാണ്.

ഇപ്പോള്‍ നടത്തിയ ആക്രമണത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരില്‍ നിന്നും കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങള്‍ മുഴുവന്‍ ഈടാക്കുകയും ചെയ്യും. ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാല്‍ കണക്ഷന്‍ ഇന്നുതന്നെ നല്‍കാന്‍ കെ എസ് ഇ ബി തയ്യാറാണ്.

കെഎസ്ഇബി എംഡിയുടെ നിര്‍ദേശപ്രകാരമാണ് തിരുവമ്പാടി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. അജ്മലിന്റെ പിതാവിന്റെ പേരിലാണ് വൈദ്യുതി കണക്ഷനുള്ളത്. ഇവരുടെ വീട്ടിലെ വൈദ്യുതി ബില്‍ അടച്ചിരുന്നില്ല. രണ്ട് ദിവസം മുന്‍പ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിന് പിന്നാലെ വൈകീട്ടോടെ അജ്മല്‍ ബില്ലടച്ചു. തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കാനെത്തിയ ജീവനക്കാരെ അജ്മല്‍ കയ്യേറ്റം ചെയ്തു. ഇതറിഞ്ഞ അസി.എന്‍ജീനിയര്‍ പ്രശാന്ത് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇത് ചോദ്യം ചെയ്ത് ഇന്ന് രാവിലെ കെഎസ്ഇബി ഓഫിസിലെത്തിയ അജ്മലും ഒപ്പമുണ്ടായിരുന്ന ആളും ചേര്‍ന്ന് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും സാധനങ്ങള്‍ തര്‍ക്കുകയും ചെയ്തെന്നായിരുന്നു പരാതി. ഇതിന് പിന്നാലെ വൈദ്യുതി വിച്ഛേദിക്കാന്‍ ഉത്തരവുണ്ടായത്.

വൈദ്യുതി വിച്ഛേദിച്ചതിന് പിന്നാലെയാണ് അജ്മലിന്റെ മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബില്ലടക്കാന്‍ ഒരു ദിവസം വൈകിയിരുന്നുവെന്നും എന്നാല്‍ കണക്ഷന്‍ വിച്ഛേദിച്ച ദിവസം വൈകീട്ടോടെ തന്നെ ബില്ലടച്ചിരുന്നുവെന്നും അജ്മലിന്റെ മാതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കറന്റ് പുനസ്ഥാപിക്കാന്‍ വന്നയാള്‍ അസഭ്യം പറഞ്ഞെന്നും തന്നെ ഉന്തിമാറ്റിയെന്നും അവര്‍ പറഞ്ഞിരുന്നു. കറന്റ് നല്‍കാന്‍ വൈകിയപ്പോഴാണ് മക്കള്‍ ദേഷ്യത്തോടെ സംസാരിച്ചത്. പിറ്റേ ദിവസം വാര്‍ത്തയില്‍ കാണുന്നത് മക്കളുടെ പേരില്‍ കേസുണ്ടെന്നാണ്. ഇതുകണ്ടാണ് പിറ്റേദിവസം അവര്‍ ഓഫീസിലേക്ക് പോയത്. അവിടെ ചെന്നപ്പോല്‍ ഉദ്യോഗസ്ഥര്‍ മക്കളെ ആക്രമിക്കുകയായിരുന്നുവെന്നും അവര്‍ പ്രതികരിച്ചിരുന്നു.

About The Author

You may have missed