പ്ലസ് വൺ സീറ്റ് പ്രതിസന്ധി; അധിക ബാച്ചുകൾ വേണമെന്ന് ശുപാർശ

മലപ്പുറത്ത് അധിക പ്ലസ് വണ്‍ ബാച്ചുകള്‍ വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച സമിതിയുടെ ശിപാര്‍ശ. വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച രണ്ടംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുക. മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് സമിതിയുടെ റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുന്നത്.

സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിക്കണമെന്നും ശിപാര്‍ശയിലുണ്ട്. മലപ്പുറം ആര്‍ഡിഡി, വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിയമസഭയിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മലപ്പുറത്ത് താത്കാലിക ബാച്ച് അനുവദിക്കുമെന്ന് ജൂണ്‍ 25ന് വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.

മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ നിയോഗിച്ചത് കമ്മിഷനെ അല്ലെന്നും അങ്ങനെ വ്യാഖ്യാനിക്കരുതെന്നും ശിവന്‍കുട്ടി അറിയിച്ചിരുന്നു.

About The Author

You may have missed