‘എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം’; അവര്‍ ക്രിമിനലുകള്‍ എന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍

എസ്എഫ്‌ഐയ്‌ക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം എസ്എഫ്‌ഐയ്ക്കുണ്ട്. എന്നാല്‍ നിയമം കൈയിലെടുക്കാന്‍ അവര്‍ക്കാകില്ല. നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളെ നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നു. അക്രമങ്ങളുടെ ഭാഗമായ സംഘടനയിലുള്ളവരെ സെനറ്റിലേക്ക് താന്‍ നാമനിര്‍ദേശം ചെയ്യില്ല. എസ്എഫ്‌ഐയെ തനിക്ക് ഭയമില്ല. ക്യാംപസിനുള്ളില്‍ നിയമലംഘനം നടത്താന്‍ ആരേയും അനുവദിക്കരുതെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം എസ്.എഫ്.ഐക്കെതിരായ ആരോപണങ്ങളില്‍ സിപിഐഎമ്മും സിപിഐയും വാക്‌പോര് തുടരുകയാണ്. എസ്എഫ്‌ഐ തിരുത്തണമെന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പൊതുബോധത്തില്‍ ബിനോയ് വിശ്വം വീഴരുതെന്നായിരുന്നു എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ പ്രതികരണം. തിരുത്തണമെന്ന നിലപാട് എസ്എഫ്‌ഐയെ ശക്തിപ്പെടുത്താന്‍ എന്ന് ബിനോയ് വിശ്വവും വ്യക്തമാക്കി.

About The Author