ഉത്തരേന്ത്യയിൽ പാലം തകരുന്നത് തുടർക്കഥയാകുന്നു, 15 ദിവസത്തിനിടെ തകര്‍ന്നത് ഏഴ് പാലം

ബിഹാറില്‍ ഏഴാമത്തെ പാലവും തകർന്നതായി റിപ്പോർട്ട്. കനത്ത മഴയെ തുടർന്നാണ് പാലം തകർന്നത്. ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലമാണ് ബുധനാഴ്ച തകർന്നതായി റിപോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 15 ദിവസത്തിനിടെ ഏഴാമത്തെ പാലമാണ് സംസ്ഥാനത്ത് തകരുന്നത്. ഡിയോറി ബ്ലോക്കില്‍ നിരവധി ഗ്രാമങ്ങളെ ബന്ധിപ്പിച്ചിരുന്നതാണ് പാലം. ശിവാന്‍ ജില്ലയില്‍ 11 ദിവസിത്തിനിടെ തകരുന്ന രണ്ടാമത്തെ പാലമാണിത്. പണി പൂർത്തിയാകാത്ത 75 മീറ്റർ നീളമുള്ള പാലം മധുബനി എന്ന ഗ്രാമത്തില്‍ ജൂണ്‍ 29 ന് തകർന്നു വീണിരുന്നു. ജൂണ്‍ 23 ന് കൃഷൻഗഞ്ചില്‍ പണി പൂർത്തിയാകും മുൻപ് പാലം തകർന്നു വീണിരുന്നു.

ജൂണ്‍ 22 ന് ഗണ്ടക് കനാലിന് മുകളില്‍ നിർമിച്ച പാലവും തകർന്നു വീണിരുന്നു. അരാരിയ എന്ന പ്രദേശത്തും പണിതുകൊണ്ടിരിക്കുന്ന പാലം ജൂണ്‍ 19 നു തകർന്ന് വീണിരുന്നു. വലിയ വിമർശനങ്ങളാണ് ബിഹാറില്‍ ഈ സംഭവങ്ങളെ തുടർന്ന് സർക്കാരിനെതിരെ ഉയരുന്നത്. നിർമാണത്തിലെ പ്രശ്‌നങ്ങളാണ് പാലം തകരാൻ കാരണമെന്ന് പറഞ്ഞു സർക്കാർ കയ്യൊഴിയാൻ ശ്രമിച്ചെങ്കിലും ഭരണത്തിലെ പ്രശ്നം തന്നെയാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന വിമർ ശനം.

About The Author