കുടക് ജില്ലയിൽ ഭാര വാഹനങ്ങൾ നിരോധിച്ചു

മഴ ശക്തമായ സാഹചര്യത്തില്‍ കുടക് ജില്ലയിലെ റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രജിസ്‌റ്റർ ചെയ്‌ത വാഹനഭാരം 18.5 ടണ്ണില്‍ കൂടുതലുള്ള ചരക്കു വാഹനങ്ങള്‍ക്കാണു നിരോധനം പ്രാബല്യത്തിലാക്കി മടിക്കേരി ഡെപ്യൂട്ടി കമ്മീഷണർ (കുടക് കളക്‌ടർ) ഡോ. ബി.സി. സന്തോഷ് ഉത്തരവിട്ടത്. മള്‍ട്ടി ആക്‌സില്‍ വിഭാഗം ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങള്‍ക്കും സ്കൂ‌ള്‍ വാഹനങ്ങള്‍ക്കും നിരോധനം ബാധകമല്ല.

എല്ലാത്തരം തടി, മണല്‍ ലോഡ് വാഹനങ്ങള്‍ക്കും നിരോധനമുണ്ട്. ഉത്തരവ് ഇന്നലെ ഇറങ്ങിയെങ്കിലും ദൂരെ സംസ്‌ഥാനങ്ങളില്‍ നിന്നു വിവരം അറിയാതെ എത്തിയ കുടക് ജില്ലയ്ക്കുള്ളില്‍ നിന്നു ചെക്ക് പോസ്‌റ്റില്‍ എത്തിയ ലോറികള്‍ക്ക് ഇന്നലെ ഇളവ് നല്‍കി. ഇന്നു മുതല്‍ തടയും. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ലഘൂകരിക്കുന്നതിനാണ് നടപടി.കഴിഞ്ഞ ദിവസം മാക്കൂട്ടം ഓട്ടക്കൊല്ലിയില്‍ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചിരുന്നു. ‌ ഇന്നലെ മുതല്‍ പ്രാബല്യത്തിലാക്കി ഇറക്കിയ ഉത്തരവ് ഈ മാസം 31 വരെയാണെങ്കിലും കാലവർഷം ശക്തമായി തുടർന്നാല്‍ നീട്ടിയേക്കും.

നിയന്ത്രണ നിർദേശം മറികടന്ന് കേരളത്തില്‍ നിന്നു എത്തുന്ന വാഹനങ്ങള്‍ മാക്കൂട്ടം ഉള്‍പ്പെടെ അതിർത്തിയിലുള്ള ചെക്ക് പോസ്‌റ്റുകളില്‍ നിന്നു മടക്കും. കുടക് ജില്ലയിലൂടെ കടന്നു പോകുന്ന ദേശീയ പാത 275 ന്‍റെ അതിർത്തിയില്‍ കുശാല്‍നഗർ, സംപാജെ എന്നിവിടങ്ങളിലും 24 മണിക്കൂറും പരിശോധന ശക്തമാക്കാനും ആവശ്യമായ ഉദ്യോഗസ്‌ഥരെ നിയോഗിക്കാനും മൊബൈല്‍ പട്രോളിംഗ് നടത്താനും ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവില്‍ നിർദേശമുണ്ട്.

2018ല്‍ ചുരം പാതയില്‍ നൂറോളം സ്‌ഥലങ്ങളില്‍ മണ്ണിടിഞ്ഞു അപകടം സംഭവിച്ചിരുന്നു. പുതിയ ഉത്തരവ് കുടക് വഴിയുള്ള ചരക്ക് നീക്കത്തെ കാര്യമായി ബാധിക്കും. കുടക് വഴി കേരളത്തിലേക്ക് എത്തേണ്ട വാഹനങ്ങള്‍ മംഗലാപുരം വഴിയും ഗുണ്ടല്‍പേട്ട്-കോഴിക്കോട് വഴിയും സഞ്ചരിക്കണം. ഏകദേശം 150 മുതല്‍ 200 കിലോമീറ്റർ ദൂരം അധികം സഞ്ചരിക്കണം .

About The Author